Big stories

ബംഗ്ലാദേശിലെ ഫാക്റ്ററിയില്‍ വന്‍ തീപ്പിടിത്തം; 52 മരണം

44ഓളം തൊഴിലാളികളെ കാണാതായതായും സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശിലെ ഫാക്റ്ററിയില്‍ വന്‍ തീപ്പിടിത്തം;   52 മരണം
X

ധക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയ്ക്കു സമീപം ബഹുനില ജ്യൂസ് ഫാക്റ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ 52 പേര്‍ മരണപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ധക്കയുടെ പ്രാന്തപ്രദേശമായ നരയന്‍ഗഞ്ച് ജില്ലയിലെ രൂപഗഞ്ചിലെ ഷെസാന്‍ ഫുഡ്‌സ് ലിമിറ്റഡിന്റെ ഫാക്റ്ററിയിലാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തീപ്പിടിത്തമുണ്ടായത്. ആറുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീപ്പടര്‍ന്നതെന്നാണ് സംശയം. ഇവിടെയാണ് രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്നത്. തീപ്പിടിത്തത്തില്‍ 52 പേര്‍ മരണപ്പെടുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ധക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.

അപകടത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി നിരവധി തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. 18ഓളം അഗ്‌നിശമന യൂനിറ്റുകളാണ് തീയണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുള്ളത്. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 44ഓളം തൊഴിലാളികളെ കാണാതായതായും സ്ഥിരീകരിച്ചിട്ടുണ്ട്. തീപ്പിടിത്ത ഫാക്റ്ററിയുടെ മുന്‍വശത്തെ ഗേറ്റും എക്‌സിറ്റും മാത്രമാണ് തുറന്നിട്ടിരുന്നതെന്ന് രക്ഷപ്പെട്ട തൊഴിലാളികളും ബന്ധുക്കളും ആരോപിച്ചു. കെട്ടിടത്തിന് ആവശ്യമായ അഗ്‌നി സുരക്ഷാ നടപടികളില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന് നരയന്‍ഗഞ്ച് ജില്ലാ ഫയര്‍ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ അറേഫിന്‍ പറഞ്ഞു.

തീയണയ്ച്ചാല്‍ മാത്രമേ നാശനഷ്ടത്തിന്റെ കണക്കും തീപ്പിടിത്തത്തിന്റെ കൃത്യമായി കാരണവും പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ചു. 2019ല്‍ ധക്കയില്‍ നാലു നൂറ്റാണ്ട് പഴക്കമുള്ള പ്രദേശത്ത് ഉണ്ടായ തീപ്പിടിത്തത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഷോപ്പുകളും ഗോഡൗണുകളും തകര്‍ന്ന് 67 പേര്‍ മരിച്ചു. അതേ വര്‍ഷം നടന്ന മറ്റൊരു തീപ്പിടിത്തത്തില്‍ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചു. 2012ല്‍ ധക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വസ്ത്ര ഫാക്റ്ററില്‍ തീപ്പിടിച്ച് 112 പേര്‍ മരണപ്പെട്ടിരുന്നു. ഓള്‍ഡ് ധക്കയില്‍ രാസവസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ച വീട്ടില്‍ 2010ലുണ്ടായ മറ്റൊരു തീപ്പിടിത്തത്തില്‍ 123 പേര്‍ മരണപ്പെട്ടിരുന്നു.

52 killed in Bangladesh factory fire

Next Story

RELATED STORIES

Share it