Big stories

സിഎഎ വിരുദ്ധ സമരം: യുപിയില്‍ 22 മുസ്‌ലിംകളെ പോലിസ് വെടിവച്ചുകൊന്നിട്ട് രണ്ടുവര്‍ഷം

22 മുസ്‌ലിം ചെറുപ്പക്കാരെ തെരുവില്‍ നരനായാട്ട് നടത്തിയ പോലിസുകാര്‍ക്കെതിരേ യോഗി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരു എഫ്‌ഐആര്‍ പോലും ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നത് ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധത അരക്കിട്ടുറപ്പിക്കുന്നു.

സിഎഎ വിരുദ്ധ സമരം: യുപിയില്‍ 22 മുസ്‌ലിംകളെ പോലിസ് വെടിവച്ചുകൊന്നിട്ട് രണ്ടുവര്‍ഷം
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ പേരില്‍ 22 മുസ്‌ലിം യുവാക്കളെ സോഗിയുടെ പോലിസ് നിഷ്ഠൂരമായി വെടിവച്ചുകൊന്നിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. ഉറ്റവരെ നഷ്ടമായതിന്റെ വേദനയില്‍ കഴിഞ്ഞുകൂടുന്ന കുടുംബങ്ങളെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ് യോഗി സര്‍ക്കാരും പോലിസും. ഇരകളുടെ കുടുംബങ്ങളെ വീണ്ടും കേസില്‍പ്പെടുത്താനാണ് പോലിസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പോലിസിനെതിരേ നല്‍കിയ പരാതി പിന്‍വലിക്കാനും സമ്മര്‍ദ്ദം നടക്കുന്നുണ്ട്. പലരും പട്ടാപ്പകലാണ് പോലിസിന്റെ വെടിയേറ്റ് പിടഞ്ഞുമരിച്ചത്. എന്നിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ് യോഗി ഭരണകൂടം. വെടിവയ്പ്പ് നടന്നിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഭരണകൂടത്തില്‍നിന്ന് നീതി ലഭിച്ചില്ലെന്നാണ് കുടുംബങ്ങള്‍ വേദനയോടെ പങ്കുവയ്ക്കുന്നത്.

22 മുസ്‌ലിം ചെറുപ്പക്കാരെ തെരുവില്‍ നരനായാട്ട് നടത്തിയ പോലിസുകാര്‍ക്കെതിരേ യോഗി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരു എഫ്‌ഐആര്‍ പോലും ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നത് ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധത അരക്കിട്ടുറപ്പിക്കുന്നു. ഫിറോസാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്-7. ഇവിടെ ഒരു പോലിസുകാരനെതിരേ പോലും കേസില്ല. സിഎഎ വിരുദ്ധ സമരത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒരു കേസില്‍പോലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. പ്രതിഷേധക്കാരും പൊതുജനങ്ങളും ഉള്‍പ്പെടെ 83 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 833 പേരെ അറസ്റ്റുചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു. പോലിസ് കൂട്ടക്കൊലയ്ക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ മുസ്‌ലിം മിററിനോടാണ് ഇരകളുടെ കുടുംബങ്ങള്‍ തങ്ങളുടെ ദുരിതജീവിതം വിരക്കുന്നത്. 'രണ്ടുവര്‍ഷം കഴിഞ്ഞു, പക്ഷേ എന്റെ മകന്‍ പോലിസിന്റെ വെടിയേറ്റ് റോഡില്‍ക്കിടന്ന് വേദനകൊണ്ട് നിലവിളിക്കുന്നത് എനിക്ക് മറക്കാന്‍ കഴിയില്ല' 2019 ഡിസംബര്‍ 21ന് കാണ്‍പൂരില്‍ സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മകന്‍ റയീസിന്റെ (30) മരണത്തെക്കുറിച്ച് പിതാവ് ശെരീഫ് ഓര്‍ത്തെടുക്കുന്നു. 'ജീവിതം നരകമായി മാറിയിരിക്കുന്നു... ഞങ്ങള്‍ ഇപ്പോഴും പോലിസിനെ ഭയപ്പെടുന്നു... അവര്‍ ഞങ്ങളെ വീണ്ടും ഉപദ്രവിക്കുകയാണ്, പരാതികള്‍ പിന്‍വലിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നു.

പരാതിയുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതമുണ്ടാവുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു'- ശെരീഫ് പറയുന്നു. ശെരീഫിന്റേത് ഒറ്റപ്പെട്ട ശബ്ദമല്ല. മകനെ നഷ്ടപ്പെട്ട മറ്റ് ഇരകളുടെ കുടുംബത്തിന്റെ വേദനയും സമാനതകളില്ലാത്തതാണ്. ഉത്തര്‍പ്രദേശ് പോലിസിന്റെ ക്രൂരതയില്‍ മീററ്റിലെ താമസക്കാരനായ ഈദുല്‍ ഹസ്സനും മറ്റ് നിരവധി മുസ്‌ലിം കുടുംബങ്ങള്‍ക്കും തങ്ങളുടെ ഉറ്റവരെയും അടുപ്പക്കാരെയുമാണ് നഷ്ടമായത്. പോലിസിന്റെ കൈകളില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന് ഇരകളുടെ കുടുംബങ്ങള്‍ ആരോപിക്കുന്നു. പരിക്കേറ്റ നിരവധി പ്രതിഷേധക്കാര്‍ പോലിസ് കസ്റ്റഡിയിലാണ് മരിച്ചത്. പരിക്കേറ്റ പലരും മണിക്കൂറുകളോളം ചികില്‍സ കിട്ടാതെയാണ് മരപ്പെട്ടത്.

'പോലിസ് വെടിവയ്പ്പില്‍ പരിക്കേറ്റ എന്റെ മകന്‍ മുഖീമിനെ കാണാന്‍ ഞാന്‍ മീറത്തിലെ ആശുപത്രിയിലെത്തി. ആശുപത്രിയില്‍ മകനെ ആരും ശ്രദ്ധിക്കാതെ കിടക്കുന്നത് ഞാന്‍ കണ്ടു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആഗ്രയിലേക്ക് കൊണ്ടുപോയി. ആഗ്രയില്‍നിന്ന് അവനെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അവന്‍ മരിച്ചു. ചികില്‍സയിലുള്ള കാലതാമസമാണ് അവന്റെ മരണത്തിന് കാരണമായത്'- സഫ്ദര്‍ജങ് ആശുപത്രിയില്‍ മരണപ്പെട്ട ഫിറോസാബാദ് നിവാസിയായ മുഖീമിന്റെ പിതാവ് പറഞ്ഞു.

ഫിറോസാബാദ് നിവാസിയായ അബ്രാറിനും ഇതേ വിധിയാണ് നേരിട്ടത്. മണിക്കൂറുകളോളം പരിക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്നു അബ്രാര്‍. ഒരു ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യപ്രവര്‍ത്തകരെത്തിയില്ല. നിരാശനായി, ഞങ്ങള്‍ അവനെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവന്‍ മരണത്തിന് കീഴടങ്ങി- അബ്രാറിന്റെ മാതാവ് നിറകണ്ണുകളോടെ പറയുന്നു. ഇരകളോട് പോലിസ് വളരെ മോശമായാണ് പെരുമാറിയതെന്ന് കാണ്‍പൂരിലെ ഇരകളുടെ അഭിഭാഷകനും സാക്ഷ്യപ്പെടുത്തുന്നു. ഇരകളില്‍ ഭൂരിഭാഗവും തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ പോലിസുകാര്‍ അവരോട് വളരെ മോശമായാണ് പെരുമാറിയത്. അതിലവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.

പോലിസുകാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അസാധുവാക്കാന്‍ സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ ഇരകളെ നിര്‍ബന്ധിക്കുകയാണ് ചെയ്തത്. സ്ത്രീകളോടും വളരെ മോശമായിട്ടാണ് പോലിസ് പെരുമാറിയതെന്ന് ഇരകളുടെ കുടുംബങ്ങള്‍ പറയുന്നു. മകന്‍ നഷ്ടപ്പെട്ട മാതാവിനോട് നിങ്ങള്‍ വേശ്യാവൃത്തി നടത്തുകയാണോയെന്നാണ് ചോദിച്ചത്. കേസ് പിന്‍വലിക്കാന്‍ മകളെയും വേട്ടയാടുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ ജയിലില്‍ അടയ്ക്കുമെന്നാണ് പോലിസുകാരുടെ ഭീഷണിയെന്ന് കുടുംബം പറയുന്നു. 'എല്ലാം നഷ്ടമായ ഇരകളുടെ കുടുംബങ്ങള്‍ക്ക് പോവാന്‍ ഒരിടവുമില്ല. എല്ലാ വാതിലുകളും അവര്‍ക്ക് മുന്നില്‍ അടക്കുകയാണ്.

നിയമസഹായവും അവര്‍ക്ക് അന്യമാണ്. മികച്ച അഭിഭാഷകരെ നിയമിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അത് അവരെ കൂടുതല്‍ ദുര്‍ബലരാക്കുകയാണ്- ഫിറോസാബാദിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ ശ്രമിക്കുന്ന ആക്ടിവിസ്റ്റ് ഷാസി അലി പറഞ്ഞു. ഐപിസി 304ാം വകുപ്പ് പ്രകാരമാണ് പോലിസ് ആദ്യം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, കോടതി ഇടപെടലിനെ തുടര്‍ന്ന് ചില കേസുകള്‍ 302 പ്രകാരം രജിസ്റ്റര്‍ ചെയ്തതായി ഫിറോസാബാദിലെ ഏഴ് ഇരകളുടെ കുടുംബ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ.സഗീര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ പ്രകാരം പോലിസ് വെടിയേറ്റുള്ള മുറിവാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.

എന്നാല്‍, പ്രതിഷേധക്കാരെ കുറ്റപ്പെടുത്തുകയാണ് പോലിസ് ചെയ്തത്. ആരാണ് 22 പേരെ കൊന്നത് ? ഇതാണ് ഉയരുന്ന ചോദ്യം. യോഗി ആദിത്യനാഥ് യുപി പോലിസിനെ മുസ്‌ലിംകളെ കൊല്ലാന്‍ പ്രേരിപ്പിച്ചു. മുസ്‌ലിംകളെ കൊലപ്പെടുത്തിയ എല്ലാ പോലിസുകാരെയും അറസ്റ്റ് ചെയ്യുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണം- റിഹായ് മഞ്ചിലെ രാജീവ് യാദവ് പറഞ്ഞു. ഫിറോസാബാദ്- ഏഴ്, മീറത്ത്- അഞ്ച്, കാണ്‍പൂര്‍- മൂന്ന്, സംഭാല്‍, ബിജ്‌നോര്‍- രണ്ട് വീതം, വാരാണസി, രാംപൂര്‍, മുസാഫര്‍നഗര്‍- ഒന്ന് വീതം എന്നിങ്ങനെയാണ് 22 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it