Big stories

യുപിയില്‍ കൊലക്കേസ് പ്രതി 20ഓളം കുട്ടികളെ ബന്ദികളാക്കി

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ സുഭാഷ് ബതം എന്നയാളാണ് തന്റെ ഭാര്യയെയും ഒരു വയസ്സുള്ള മകളെയും 20 ലേറെ കുട്ടികളെയും വീട്ടില്‍ ബന്ദികളാക്കിയത്

യുപിയില്‍ കൊലക്കേസ് പ്രതി 20ഓളം കുട്ടികളെ ബന്ദികളാക്കി
X

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ കൊലക്കേസ് പ്രതി 20ഓളം കുട്ടികളെയും സ്ത്രീകളെയും ബന്ദിയാക്കി. വിവരമറിഞ്ഞെത്തിയ പോലിസിനു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. പശ്ചിമ ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ സുഭാഷ് ബതം എന്നയാളാണ് തന്റെ ഭാര്യയെയും ഒരു വയസ്സുള്ള മകളെയും 20 ലേറെ കുട്ടികളെയും വീട്ടില്‍ ബന്ദികളാക്കിയത്. അഞ്ചു മണിക്കൂറിലേറെയായി ബന്ദിക്കളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാന്‍ പോലിസ് ഊര്‍ജ്ജിത ശ്രമം നടത്തുകയാണ്.

മകളുടെ ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ കൊലക്കേസ് പ്രതി അയല്‍വാസികളായ ഏതാനും കുട്ടികളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരെല്ലാം വീട്ടിനുള്ളിലുള്ളപ്പോള്‍ തോക്കുചൂണ്ടി, ഭാര്യയെയും മകളെയും ഉള്‍പ്പെടെ ബന്ദികളാക്കുകയായിരുന്നു. കുട്ടികള്‍ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ അയല്‍വാസികളെത്തി വാതിലില്‍ മുട്ടിയപ്പോഴാണ് സംഭവം അറിയുന്നത്. വാതിലില്‍ മുട്ടിയതോടെ സുഭാഷ് ബതം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ പോലിസില്‍ വിവരമറിയിച്ചു. പോലിസ് വാഹനം വന്നപ്പോള്‍ സുഭാഷ് ബതം ടെറസില്‍ നിന്ന് വെടിയുതിര്‍ക്കുകയും പോലിസിനു നേരെ ബോംബെറിയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കമാന്‍ഡോകളെയും കാണ്‍പൂര്‍ സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തെയും തുടര്‍ന്ന് സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ബന്ദികള്‍ക്ക് ഉപദ്രവമുണ്ടാവാതിരിക്കാന്‍ പോലിസ് ജാഗ്രത പാലിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഒ പി സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പരിശീലനം ലഭിച്ച പ്രത്യേക സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കമാന്‍ഡോകളെ തല്‍ക്കാലം അവിടെ നിര്‍ത്തുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും അവരെ വേഗം രക്ഷിക്കുകയും ചെയ്യാനാണ് മുന്‍ഗണന. ഇത് അല്‍പം വിഷമകരമായ സാഹചര്യമാണ്. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും കുട്ടികളെ രക്ഷിക്കാനാണ് ആവശ്യപ്പെട്ടത്. പ്രദേശത്തെ നിയമസഭാംഗമായ നാഗേന്ദ്ര സിങ് സുഭാഷ് ബതവുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ എന്‍എസ്ജിയെ വിളിക്കുമെന്നും ഡിജിപി പറഞ്ഞു.

താന്‍ നിരപരാധിയാണെന്നാണ് പ്രതി വിളിച്ചുപറയുന്നതെന്നും അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടാവാമെന്നും പോലിസ് പറഞ്ഞു. സ്ഥിതിഗതികള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഉത്തര്‍പ്രദേശിലെ ക്രമസമാധാനചുമതലയുള്ള പി വി രാമശാസ്ത്രിയും പറഞ്ഞു. പോലിസ് സേനയെല്ലാം അവിടെയുണ്ട്. ആ മനുഷ്യനുമായി സംസാരിക്കുന്നുണ്ട്. കുട്ടികളെ ഉടന്‍ രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ തന്ത്രങ്ങളുണ്ട്, എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു.



Next Story

RELATED STORIES

Share it