എഎംയുവിലെ റിപബ്ലിക് ടിവിക്കെതിരായ പ്രതിഷേധം: വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കേസ്‌

വിദ്യാര്‍ഥികള്‍ പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യാ മുര്‍ദാബാദ് മുദ്രാവാക്യം മുഴക്കിയെന്ന് അലിഗഢ് എസ്പി അഷുതോഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു.

എഎംയുവിലെ റിപബ്ലിക് ടിവിക്കെതിരായ പ്രതിഷേധം:   വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കേസ്‌

അലിഗഢ്: അനുമതിയില്ലാതെ കാംപസിനകത്ത് കടന്നുകയറി വിദ്യാര്‍ഥികളെ തീവ്രവാദികളെന്ന് വിളിച്ച് അധിക്ഷേപിച്ച റിപബ്ലിക് ടിവി പ്രതിനിധികള്‍ക്കെതിരേ പ്രതിഷേധിച്ച 14 വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് രാജ്യദ്രോഹത്തിന് കേസെടുത്തു. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) വിദ്യാര്‍ഥികള്‍ക്കെതിരേയാണ് രാജ്യദ്രോഹം ഉള്‍പ്പെടെ ഒമ്പതു വകുപ്പുകള്‍ ചുമത്തി അലിഗഢ് പോലിസ് കേസെടുത്തത്.

വിദ്യാര്‍ഥികള്‍ പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യാ മുര്‍ദാബാദ് മുദ്രാവാക്യം മുഴക്കിയെന്ന് അലിഗഢ് എസ്പി അഷുതോഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ എഎംയു അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ അതു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹം ഉള്‍പ്പെടെ ഒമ്പതു വകുപ്പുകള്‍ ചുമത്തി 14 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തതായി വിദ്യാര്‍ഥിയായ ഷര്‍ജീല്‍ ഉസ്മാനി ട്വീറ്റ് ചെയ്തു. അതേസമയം, തങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചൊവ്വാഴ്ച റിപബ്ലിക് ടിവി പ്രതിനിധികളായ നളിനി ശര്‍മ, സുമൈറ ഖാന്‍ എന്നിവര്‍ എഎംയുവിനെ 'തീവ്രവാദികളുടെ സര്‍വ്വകലാശാല' എന്നു വിശേഷിപ്പിച്ച് അവിടെ നടന്നു വരുന്ന സമരം റിപോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രകോപിതരായത്. കാംപസിനകത്ത് കടന്ന് തല്‍സമയ റിപോര്‍ട്ടിന് ഇരുവര്‍ക്കും അനുമതി ഉണ്ടായിരുന്നില്ലെന്ന് അലിഗഢ് എസ്പി അശുതോഷ് ദ്വിവേദി വ്യക്തമാക്കിയിരുന്നു. അവരുടെ തല്‍സമ റിപോര്‍ട്ടിങില്‍ അത്യധികം പ്രകോപനപരമായ പരാമര്‍ശങ്ങളാണ് നടത്തിയതെന്നും റിപോര്‍ട്ടുകളുണ്ട്.

അതിനിടെ, വിഷയവുമായി ബന്ധപ്പെട്ട് നളിനി ശര്‍മ നടത്തിയ തല്‍സമയ സംപ്രേക്ഷണത്തില്‍ കാണിച്ച ദൃശ്യങ്ങള്‍ എഎംയുവുമായി ബന്ധപ്പെട്ടതല്ലെന്ന് വിദ്യാര്‍ഥികള്‍ തെളിവ് സഹിതം പുറത്തുവിട്ടിട്ടുണ്ട്. അതിനിടെ, ബുധനാഴ്ച ഉച്ചവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് അലിഗഢ് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top