ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്‌സ-ഇന്റര്‍ പോര്


ക്യാംപ്നൂ: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ഇന്നിറങ്ങും. ലീഗിന്റെ മൂന്നാം റൗണ്ട് പുരോഗമിക്കവെ ഗ്രൂപ്പ് ബിയില്‍ ബാഴ്‌സലോണ ഇന്റര്‍മിലാനോട് ഏറ്റുമുട്ടുമ്പോള്‍ ഗ്രൂപ്പ് സിയില്‍ ലിവര്‍പൂള്‍ ക്രവേന സുവെസ്ദയോട് പൊരുതും.
പോയിന്റ് പട്ടികയില്‍ തുല്യ പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ് ബാഴ്‌സലോണയും ഇന്റര്‍മിലാനും. കൈയിനേറ്റ പരിക്കോടെ മെസി മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഈ അവസരം മുതലെടുത്ത് ജയം നേടി മുന്നിലെത്താനാവും ഇന്റര്‍ ശ്രമിക്കുക.അങ്ങനെ ജയിക്കാനായാല്‍ ക്യാംപ് നൂ വില്‍ 1970 ന് ശേഷമുള്ള ആദ്യ വിജയമാവും ഇന്റര്‍മിലാന്റേത്. ചാംപ്യന്‍സ് ലീഗിലെ ആദ്യ രണ്ട് മല്‍സരവും ജയിച്ചു നില്‍ക്കുന്ന ബാഴ്‌സ ഹോം മാച്ചിലും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കില്ല. ലീഗില്‍ ഇതുവരെ ഇരുവരും ഏറ്റുമുട്ടിയ ആറ് മല്‍സരങ്ങളില്‍ മൂന്ന് ജയം ബാഴ്‌സക്കൊപ്പവും രണ്ടെണ്ണം ഇന്ററിനൊപ്പവുമായിരുന്നു. എന്നാല്‍ എവേ മാച്ചുകളില്‍ അവസാനത്തെ നാല് കളികളും ഇന്റര്‍ ജയിച്ചിട്ടുണ്ട്. മെസി ഇല്ലെങ്കിലും ലൂയി സുവാരസ് ബാഴ്‌സക്ക് കരുത്തായുണ്ട്. കഴിഞ്ഞ രണ്ട് കളികളില്‍ നിന്ന് ഒരു ഗോള്‍ നേടിയ സുവാരസ് രണ്ട് ഗോളുകള്‍ക്ക് കാരണക്കാരനുമായി. സാമുവല്‍ ഉംറ്റിറ്റിയും വെര്‍മിലിയനും പരിക്ക് കാരണം പുറത്താണ്. മൗറോ ഇക്കാര്‍ഡിയാണ് ഇന്ററിന്റെ തുറുപ്പ് ചീട്ട്. അവസാനം ഇറങ്ങിയ നാല് മല്‍സരങ്ങളില്‍ അഞ്ച് ഗോളുകളാണ് ഇക്കാര്‍ഡി അടിച്ചു കൂട്ടിയത്. ഇക്കഴിഞ്ഞ ഇറ്റാലിയന്‍ സിരിയിലും ഇക്കാര്‍ഡി ഗോള്‍ കണ്ടെത്തിയിരുന്നു.
നാപോളിയുമായുമായുള്ള തോല്‍വിക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ലിവര്‍പൂള്‍ ഹോം മാച്ചിനെത്തുന്നത്. ഹോം ഗ്രൗണ്ടില്‍ കളിച്ച് 17 മല്‍സരങ്ങളില്‍ തോല്‍വി അറിയാത്തവരാണ് ലിവര്‍പൂള്‍. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മല്‍സരത്തിനാണ് ക്രവേന സുവെസ്ദ ഇറങ്ങുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജിയോട് 6-1 എന്ന വലിയ മാര്‍ജിനില്‍ ക്രവേന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എങ്കിലും അവസാനം കളിച്ച മറ്റു നാല് മല്‍സരങ്ങളില്‍ നാലും ക്രവേന വിജയിച്ചു. മുഹമ്മദ് സലാഹ് തന്നെയാണ് ലിവര്‍പൂളിലെ താരമായി നില്‍ക്കുന്നത്. സീസണില്‍ ഇതുവരെ ഗോളൊന്നും കണ്ടെത്താത്ത സലാഹ് തന്റെ ആദ്യ ഗോളിനായിരിക്കും ശ്രമിക്കുക.
അതേസമയം ക്രവേനയുടെ താരമായ റിച്ച്മണ്ട്് ബോയ്കി കഴിഞ്ഞ അഞ്ച് കളികളില്‍ നിന്നും അഞ്ച് ഗോളുകള്‍ നേടിയിരുന്നു. പക്ഷേ പരിക്ക് കാരണം ബോയ്കി മല്‍സരത്തിനറങ്ങുന്ന കാര്യം സംശയമാണ്. പിഎസ്ജിയും നാപോളിയും തമ്മിലാണ് മറ്റൊരു മല്‍സരം. ക്രവേനക്കെതിരെ 6 ഗോളുകളുടെ വിജയവും നെയ്മറിന്റെ സാന്നിദ്ധവും ആണ് പിഎസ്ജിയുടെ മുതല്‍ക്കൂട്ട്. എല്ലാ മല്‍സരങ്ങളും ഇന്നു 12.30നാണ്.

RELATED STORIES

Share it
Top