ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തുടരന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടുംതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരേ തുടരന്വേഷണം നടത്തുന്നതിനു നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. നിയമവകുപ്പിനോടോ ഏജിയോടോ നിയമോപദേശം തേടുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് തുടരന്വേഷണത്തിന് അനുമതി തേടിക്കൊണ്ടുള്ള ബിജു രമേശിന്റെ അപേക്ഷ സര്‍ക്കാരിന് ലഭിച്ചിരുന്നു.
ബാര്‍ കോഴക്കേസില്‍ മൂന്നാം തുടരന്വേഷണ റിപോര്‍ട്ട് തള്ളിക്കൊണ്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ബിജു രമേശ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്.
കോഴ നല്‍കിയ ബാര്‍-ഹോട്ടല്‍ അസോസിയേഷന്‍ കൂട്ടായ്മ ഭാരവാഹികളെയും പ്രതികളാക്കണമെന്നും അപേക്ഷയില്‍ ബിജു രമേശ് ആവശ്യപ്പെടുകയുണ്ടായി. 13 കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബിജു വീണ്ടും അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിജിലന്‍സ് റിപോര്‍ട്ട്. എന്നാല്‍, ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നു ബിജു രമേശ് അടക്കമുള്ള ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി വിജിലന്‍സ് റിപോര്‍ട്ട് തള്ളിയത്. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം വീണ്ടും സര്‍ക്കാരിന്റെ അനുമതിക്കായി എത്തിയത്.

RELATED STORIES

Share it
Top