സിഎഎ ചര്‍ച്ച ചെയ്യണം; കൊടിക്കുന്നില്‍ സുരേഷ് എംപി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി

Update: 2020-01-31 12:21 GMT

ന്യൂഡല്‍ഹി: പൗരത്വം ഭേദഗതി നിയമം നടപ്പില്‍ വരുത്തിയതിലും ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിലും ദേശവ്യാപകവുമായ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ചട്ടം 193 പ്രകാരം ലോക്‌സഭയില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.

    സിഎഎ നടപ്പില്‍ വരുത്തിയതിലും എന്‍ആര്‍സി, എന്‍പിആര്‍ സംബന്ധിച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതും രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിച്ചു. ഇന്ന് രാജ്യത്തെ മുസ് ലിം മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ആശങ്കയിലാണ്. അവരുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ വേണ്ട നടപടികളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഈ നിയമങ്ങള്‍ക്കെതിരെ നാളുകളായി പ്രതിഷേധത്തിലാണ്. അവരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പോലിസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്നു. പൗരത്വഭേദഗതി നിയമത്തിലും എന്‍ആര്‍സി-എന്‍പിആര്‍ വിരുദ്ധ ബഹുജനം പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മാത്രം 22ഓളം പേര്‍ക്ക് പോലിസ് വെടിവയ്പില്‍ ജീവന്‍ നഷ്ടമായി. മംഗലാപുരത്ത് രണ്ടുപേരും കൊല്ലപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. രാജ്യത്ത് പൗരത്വഭേദഗതി നിയമം മുസ് ലിം വിഭാഗത്തെ ഒഴിവാക്കാനും അവരെ ഒറ്റപ്പെടുത്തുന്നതിനുമെതിരേ ഇന്ത്യയൊട്ടാകെ മതേതര വിശ്വാസികളും ബഹുജന സംഘടനകളും പൊതുപ്രവര്‍ത്തകരും അണിനിരന്നിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി.

    പൗരത്വഭേദഗതി നിയമം പാസായ ശേഷം രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങള്‍, പോലിസിന്റെ പ്രക്ഷോഭകാരികള്‍ക്കെതിരേ നടന്ന നരനായാട്ടും വെടിവയ്പും ഇന്ന് പ്രതിഷേധത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയും രാജ്യം ഒരു സ്‌ഫോടനമാത്മക സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമായാണ്. അതിനാല്‍ തന്നെ ഈ വിഷയം അതീവ ഗൗരവത്തോടെ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.




Tags: