ഇസ്മാഈൽ അൽ ജസാരി അഥവാ റോബോടിക്‌സിന്റെ പിതാവ്

'ദ ബുക്ക് ഓഫ് നോളജ് ഓഫ് ഇൻജീനിയസ് മെക്കാനിക്കൽ ഡിവൈസസ' എന്ന പുസ്തക രചനയിലൂടെയാണ് അൽ ജസാരി അദ്ദേഹത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്.

Update: 2020-07-06 06:36 GMT

യാസിർ അമീൻ

റോബോട്ട് എന്താണെന്ന് ഇന്ന് ഏത് കൊച്ചു കുട്ടിക്കും അറിയും. റോബോട്ടുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധിയും ലോകമെമ്പാടും തൊഴിൽ മേഖലയിലും മറ്റും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇനിവരുന്ന ലോകം ഭരിക്കാൻ പോകുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയിരിക്കുമെന്ന് യുവൽ നോഹ് ഹരാരിയെ പോലുള്ള ഗവേഷകർ പറയുന്നത്. പക്ഷെ ചരിത്രം അധികം ചർച്ച ചെയ്യാത്ത, റോബോട്ടിക്‌സ് എന്ന ആശയത്തിനും ഓട്ടേമേഷനും വിത്തുപാകിയ ഒരാളുണ്ട് ഇസ്‌ലാമിന്റെ സുവർണകാല ചരിത്രത്തിൽ. അദ്ദേഹത്തെ കുറിച്ചാണ് ഇവിടെ നമ്മൾ സംസാരിക്കുന്നത്. പേര് ഇസ്മാഈൽ അൽ ജസാരി.

ക്രിസ്തുവിന് ശേഷം 1136ൽ അപ്പർ മൊസൊപ്പൊട്ടോമിയൻ പ്രദേശത്തായിരുന്നു ജസാരിയുടെ ജനനം. തുർക്കിയുടെ ഏഷ്യൻ ഭാഗമായിരുന്ന അനറ്റോലിയയിൽ ആയിരുന്നു അദ്ദേഹം വളർന്നത്. ചെറുപ്പത്തിൽ തന്നെ പല മേഖലകളിലും ഇസ്മാഈൽ അൽ ജസാരി കഴിവ് തെളിയിച്ചിരുന്നു. പണ്ഡിതൻ, മെക്കാനിക്കൽ എൻജിനിയർ, കരകൗശല വിദഗ്ധൻ, കലാകാരൻ, ഗണിത ശാസ്ത്രജ്ഞൻ തുടങ്ങി പല വിശേഷണങ്ങളും അൽ ജസാരിക്ക് ചേരുന്നതാണ്. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച് ബഹുമുഖ പ്രതിഭയായിരുന്നു ഇസ്മാഈൽ അൽ ജസാരി. തുർക്കിഷ് രാജവംശമായ അർത്തുകുലു രാജകൊട്ടാരത്തിലെ പ്രധാന എൻജിനിയർ ആയിരുന്നു അദ്ദേഹം. 'ദ ബുക്ക് ഓഫ് നോളജ് ഓഫ് ഇൻജീനിയസ് മെക്കാനിക്കൽ ഡിവൈസസ' എന്ന പുസ്തക രചനയിലൂടെയാണ് അൽ ജസാരി അദ്ദേഹത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്.

1206ലാണ് ഈ പുസ്തകം അദ്ദേഹം എഴുതുന്നത്. ഇതിൽ 100 യന്ത്രങ്ങളെ കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഈ 100 യന്ത്രങ്ങളുടെ പ്രവർത്തന രീതിയും മറ്റും ആണ് ഇദ്ദേഹം ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്. വീടുകൾക്കും കൃഷിയിടങ്ങൾക്കും വെള്ളം വിതരണം ചെയ്യുന്ന അത്യാധുനിക വാട്ടർ പമ്പുകൾ, ടോയ്‌ലറ്റ് ഫ്‌ലഷുകൾ, ജലവൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മയിലുകൾ, അലങ്കരിച്ച ആന ക്ലോക്കുകൾ എന്നിവ ഉൾപ്പെടെയുള്ള ജലം കൊണ്ട് പ്രവർത്തിക്കുന്ന കണ്ടുപിടുത്തങ്ങളിലായിരുന്നു അൽ ജസാരി പ്രധാനമായി ശ്രദ്ധ പതിപ്പിചത്. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്ര ചരിത്രകാരനായ ഡൊണാൾഡ് ആർ. ഹിൽ തന്റെ മധ്യകാല ഇസ്ലാമിക് ടെക്‌നോളജി പഠനത്തിൽ അൽ ജസാരിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'ജസാരിയുടെ കണ്ടുപിടുത്തങ്ങളുടെ സ്വാധീനം പിന്നീട് സ്റ്റീം എഞ്ചിനുകളുടെയും ആന്തരിക ജ്വലന എഞ്ചിനുകളുടെയും രൂപകൽപ്പനയിൽ കാണാൻ കഴിയും, ഇത് ഓട്ടോമാറ്റിക് നിയന്ത്രണത്തിനും മറ്റ് ആധുനിക യന്ത്രങ്ങൾക്കും വഴിയൊരുക്കുന്നു. അൽജസാരിയുടെ കണ്ടുപിടുത്തങ്ങളുടെ സ്വാധീനം ആധുനിക സമകാലിക മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഇപ്പോഴും അനുഭവപ്പെടുന്നു'

ആധുനിക റോബോർട്ടുകളുടെ പരിണാമ ചരിത്രത്തിൽ ജെസാരിക്ക് വേണ്ട വിധത്തിലുള്ള പ്രാധാന്യം പശ്ചാത്ത്യ ലോകം നൽകിയിട്ടില്ല. സത്യത്തിൽ ഇംഗ്ലീഷ് ഭാഷയെ സംമ്പന്ധിച്ചിത്തോളം റോബോർട്ട് എന്ന വാക്ക് വളരെ പുതിയതാണ്. അമേരിക്കൻ ശാസ്ത്രചരിത്രകാരൻ ഹോവാർഡ് മാർക്കലിന്റെ അഭിപ്രായത്തിൽ, 1921 ൽ പ്രശസ്ത നാടകകൃത്തായ കരേൽ കപെക് എഴുതിയ 'റോസ്സം യൂണിവേഴ്‌സൽ റോബോർട്ടസ്' എന്ന ചെക്ക് നാടകത്തിൽ നിന്നാണ് റോബോർട്ട് എന്ന വാക്കിന്റെ ഉത്ഭവം.

പക്ഷെ മാർക്കലിന്റെ അന്വേഷണം കപെക്കിന്റെ നാടകത്തിൽ അവസാനിക്കുന്നില്ല. മാർക്കൽ പറയുന്നത് കപ്പെക്കിന് ഈ വാക്ക് കിട്ടിയത് ചർച്ച് സ്ലാവോണിക്ക് കാലഘട്ടത്തിൽ നില നിന്നിരുന്ന റബോട്ട എന്ന വാക്കിൽ നിന്നാണ്. നിർബന്ധ തെഴിലാളികളുടെ അടിമത്വം എന്നാണ് റബോട്ട എന്ന വാക്കിന് അർത്ഥം. ജെസാരിയുടെ ഓട്ടോമേഷൻ കണ്ടുപിടുത്തങ്ങൾ റൊബോർട്ടിക്‌സ് ശാസ്ത്രശാഖയിലെ സുപ്രധാന നാഴിക കല്ലായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പശ്ചാത്യ ലോകം ജെസാരിക്ക് വേണ്ട വിധത്തിലുള്ള പ്രാധാന്യം നൽകിയിട്ടില്ല. ആധുനിക റോബോർട്ടുകളുടെ കൃത്രിമ ബുദ്ധിയും ജസാരിയുടെ ഓട്ടോമേഷൻ കണ്ടുപിടുത്തുങ്ങളുടെ രീതിയും തമ്മിലുള്ള ചരിത്രപരമായി അന്തരം കുറക്കുന്നതിനും ആധുനിക ലോകത്തിന് ജെസാരിയുടെ കണ്ടുപിടുത്തങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായും കഴിഞ്ഞ വർഷം തുർക്കി ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന അൽ ജസാരിയുടെ പേരിലുള്ള മ്യൂസിയത്തിൽ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ പല പ്രധാന കണ്ടുപിടുത്തങ്ങളുടെയും ഒറിജിനൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് എലിഫന്റ് ക്ലോക്ക് എന്നറിയപ്പെടുന്ന സമയം തിട്ടപ്പെടുത്തുന്ന ഒരു കണ്ടുപിടിത്തമാണ്. ഈ ഘടികാരത്തിന്റെ പ്രവർത്തനം ഇങ്ങനെയാണ്. സൂരോദ്യയം മുതലുള്ള മണിക്കൂറുകൾ കണക്കാക്കുന്നതിന് ആനയുടെ മുകളിലുള്ള വെള്ളിനിറത്തിലും കറുത്ത നിറത്തിലുമുള്ള ഒരു ഡിസ്‌ക് സഹായിക്കുന്നു. മിനിറ്റുകൾ കണക്കാക്കുന്നതിന് ആനയ്ക്കു പുറത്തുള്ള എഴുത്തുകാരന്റെ കയ്യിലുള്ള പേനയും സഹായിക്കുന്നു. ആനയ്ക്കുള്ളൽ വച്ചിരിക്കുന്ന വെള്ളം നിറച്ച ഒരു സംഭരണിയെ അടിസ്ഥാനപ്പെടുത്തിയത് ഇതിന്റെ പ്രവർത്തനം. ഈ ജലസംഭരിണിയിൽ ഒരു പാത്രം പൊങ്ങിക്കിടക്കുന്നു. ഈ പൊങ്ങിക്കിടക്കുന്ന പാത്രത്തിന്റെ മധ്യത്തിൽ ഒരു ചെറിയ ദ്വാരമുണ്ട്. ഈ ദ്വാരത്തിലൂടെ വെള്ളം നിറഞ്ഞ് ആ പാത്രം മുങ്ങാൻ അരമണിക്കൂർ സമയമെടുക്കും. അരമണിക്കൂറാകുമ്പോൾ ഈ പാത്രം വെള്ളത്തിലേക്ക് മുങ്ങുന്നു. ഉടനെ പാത്രത്തിലും, ആനയുടെ മുകളിലെ ടവറിലുമായി ഘടിപ്പിച്ചുള്ള ചരട് വലിയുന്നു. ഇതിന്റെ ഫലമായി ടവറിൽ നിന്ന് ഒരു പന്ത് താഴെ നിൽക്കുന്ന വ്യാളിയുടെ വായിലേക്ക് പതിക്കുന്നു. വ്യാളി താഴുന്നു. അപ്പോൾ ഒരേ സമയം മുങ്ങിപ്പോയ പാത്രം ഉയരുകയും, ആനയുടെ മുകളിലിരിക്കുന്നയാൾ ട്രം അടിക്കുകയും ചെയ്യും. ഇത് ഓരോ അരമണിക്കൂറിലും ആവർത്തിക്കും. ഇങ്ങനെയാണ് എലിഫന്റ് ക്ലോക്കിന്റെ പ്രവർത്തനം. ഇത് അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ഒന്ന് മാത്രമാണ്.

ഓട്ടോമേഷൻ ചരിത്രത്തിൽ സമാനാതനകളില്ലാത്ത കണ്ടുപിടുത്തങ്ങൾ നടത്തിയ പ്രതിഭാശാലിയാണ് അൽജസാരി. ഇന്നത്തെ റോബോട്ടുകളുടെ മുന്നോടിയായുള്ള ഉപകരണങ്ങൾ കണ്ടുപിടിച്ചതിന്റെ ബഹുമതി ജസാരിക്കുള്ളതാണ്. ഇസ്ലാമിക സുവർണകാലഘട്ടത്തിന്റെ തിളങ്ങുന്ന ഓർമയാണ് ജസാരി. വർത്തമാന കാലഘട്ടത്തിന് ശക്തമായൊരു പ്രചോദനവും.

Tags:    

Similar News