അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന് ആരാണ് പറഞ്ഞത്; വിധി നടപ്പാക്കാന്‍ സൈന്യത്തെ വിളിക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

Update: 2018-10-06 07:45 GMT


തിരുവനന്തപുരം: ശബരിമല സ്്ത്രീപ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ ബിജെപി നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അയ്യപ്പന്‍ ബ്രഹ്്മചാരിയാണെന്ന് ആരാണ് പറഞ്ഞതെന്നും സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പന കോപം വരുമെന്ന് എങ്ങിനെ അറിയാമെന്നും അദ്ദേഹം ചോദിച്ചു.

വിധി നടപ്പിലാക്കാന്‍ പോലിസിന് പറ്റില്ലെങ്കില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സൈന്യത്തെ വിളിക്കണം. ആവശ്യമെങ്കില്‍ സായുധസേന നിയമം പ്രഖ്യാപിച്ചു കേരളത്തില്‍ വിധി നടപ്പാക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ശബരിമല വിധിക്ക് എതിരായ ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം പാര്‍ട്ടി നിലപാട് അല്ല. പാര്‍ട്ടി നിലപാട് ആകണമെങ്കില്‍ ദേശീയ നിര്‍വ്വാഹക സമിതി തീരുമാനം എടുക്കണം. പാര്‍ട്ടി പ്രവര്‍ത്തകരുടേതാണ് കേരളത്തിലെ പ്രതിഷേധം. പാര്‍ട്ടി പരിപാടി അല്ല ഇത്.

മുഖ്യമന്ത്രി യോഗം വിളിച്ചു സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥനാണെന്ന് പ്രതിഷേധക്കാരെ അറിയിക്കണം. പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ കോടതിയില്‍ നിന്ന് കനത്ത പ്രഹരമേല്‍ക്കും. കോടതി അവരെ കര്‍ശനമായി നേരിടും. ഇത് ആധുനിക കാലത്തിന്റെ കാഴ്ചപ്പാടാണ്. അത് നടപ്പാക്കുകയാണ് വേണ്ടത്.

ഭരണഘടന ഒരു മതത്തിനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നില്ല. അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഈ കേസില്‍ സ്ത്രീയേയും പുരുഷനെയും ഒരു പോലെ കാണണം. ഹിന്ദു കോഡ് കൊണ്ടുവന്നപ്പോള്‍ 1955ല്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായി എന്നിട്ടും നടപ്പാക്കി. ആര്‍ത്തവത്തില്‍ യാതൊരു പ്രശ്‌നവും ഇല്ല. ഉണ്ടെന്ന കാഴ്ചപ്പാട് ആദ്യം മാറ്റണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള കോടതി വിധി വന്നതിനു ശേഷം ബിജെപിയും ഹിന്ദു സംഘടനകളും വിവിധ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ആദ്യം വിധിയെ അനുകൂലിച്ച ബിജെപി പിന്നീട് എതിര്‍ക്കുകയായിരുന്നു. കൂടാതെ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബവും പന്തളം കൊട്ടാരം നിര്‍വാഹക സംഘവും പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്.
Tags:    

Similar News