മുക്കുപണ്ടം നല്‍കി ജ്വല്ലറി ഉടമയെ കബളിപ്പിച്ച് മൂന്നു ലക്ഷം തട്ടി; യുവാവ് പിടിയില്‍

ജ്വല്ലറി ഉടമയുടെ പരാതിയില്‍ വെള്ളത്തൂവല്‍ പോലിസ് ആണ് ജിബിയെ ആനച്ചാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം നല്‍കി ജിബി അടിമാലി കൃഷ്ണ ജ്വല്ലറി ഉടമയില്‍ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

Update: 2022-08-20 12:54 GMT

പ്രതീകാത്മക ചിത്രം

അടിമാലി: ഇടുക്കിയില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബി (43) അറസ്റ്റില്‍. ജ്വല്ലറി ഉടമയുടെ പരാതിയില്‍ വെള്ളത്തൂവല്‍ പോലിസ് ആണ് ജിബിയെ ആനച്ചാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം നല്‍കി ജിബി അടിമാലി കൃഷ്ണ ജ്വല്ലറി ഉടമയില്‍ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈ ഒന്നിനാണ് തട്ടിപ്പ് നടന്നത്. കേസിലെ പ്രതിയായ ജിബി, കൃഷ്ണ ജൂവലറി ഉടമയെ ഫോണില്‍ വിളിച്ച് സ്വര്‍ണം വില്‍ക്കാനുണ്ടെന്നും അത് വാങ്ങി പണം തരണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ആനച്ചാല്‍ കാര്‍ഷിക വികസന ബാങ്കില്‍ താന്‍ 13 പവന്‍ സ്വര്‍ണ്ണം പണയം വെച്ചിട്ടുണ്ടെന്നും വായ്പയുടെ കാലാവധി കഴിഞ്ഞതിനാല്‍ സ്വര്‍ണം എടുത്ത് വില്‍ക്കാന്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ജിബി ജ്വല്ലറി ഉടമയോട് ആവശ്യപ്പെട്ടത്.

ജൂലൈ ഒന്നിന് ഉച്ചയോടെ ജ്വല്ലറി ഉടമ മൂന്നു ലക്ഷം രൂപ ജിബിക്ക് നല്‍കാനായി തന്റെ രണ്ട് ജീവനക്കാരെ ആനച്ചാലിന് അയച്ചു. ജീവനക്കാര്‍ അവിടെ എത്തുമ്പോള്‍ ജിബിയും ഇയാളുടെ സുഹൃത്തായ നൗഷാദും മറ്റൊരാളും ഇവരെ കാത്ത് നിന്നിരുന്നു. ജീവനക്കാര്‍ എത്താന്‍ താമസിച്ചതിനാല്‍ സ്വര്‍ണം ഒരു മണിക്കൂര്‍ മുന്‍പ് ബാങ്കില്‍ നിന്നും എടുത്തതായി ജീവനക്കാരോട് പ്രതികള്‍ പറഞ്ഞു. പിന്നീട് കൈവശം കരുതിയിരുന്ന മുക്കുപണ്ടം ജ്വല്ലറി ജീവനക്കാരെ ഏല്‍പ്പിച്ച് മൂന്നു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ മടങ്ങി.

ബാങ്കില്‍ നിന്നും എടുത്ത സ്വര്‍ണ്ണമാണെന്ന വിശ്വാസത്തിലുരുന്ന ജ്വല്ലറി ഉടമയ്ക്കും ആദ്യം സംശയം തോന്നിയില്ല. എന്നാല്‍ തൂക്കത്തില്‍ കുറവുള്ളതായി സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിഞ്ഞത്. അന്ന് തന്നെ വെള്ളത്തൂവല്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.പണം തട്ടിയെടുത്ത ശേഷം മുങ്ങിയ ജിബിയെ കഴിഞ്ഞ ദിവസമാണ് പോലിസ് പിടികൂടിയത്.

Tags:    

Similar News