വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിയെ ഓട്ടോയുടെ ഡിക്കിയില്‍ നിന്ന് പിടികൂടി

വിവിധ ജില്ലകളിലായി വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ ബസലേല്‍ സി മാത്യു (പ്രവീണ്‍31) ആണ് അറസ്റ്റിലായത്.

Update: 2019-07-15 03:35 GMT

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിലായി വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ ബസലേല്‍ സി മാത്യു (പ്രവീണ്‍31) ആണ് അറസ്റ്റിലായത്.

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ മല്ലപ്പളളി കല്ലൂപ്പാറയിലും മറ്റും ആളൊഴിഞ്ഞ വീടുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതിക്കായി കേരളത്തിലും തമിഴ്‌നാട്ടിലും പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിനിടെ, കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തി സംരക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ തിരുവല്ല പോലിസ് കേസെടുത്തിരുന്നു. കറുത്തവടശേരിക്കടവിനു സമീപം ശനിയാഴ്ച പെണ്‍കുട്ടിയുമായി പ്രവീണ്‍ എത്തിയെന്ന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും പ്രവീണ്‍ ആറ്റില്‍ച്ചാടി രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ ഡീസല്‍ ഓട്ടോയുടെ ഡിക്കിയില്‍ കിടന്നു പുറമറ്റം ഭാഗത്തേക്കു പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കീഴ്‌വായ്പൂര് ഇന്‍സ്‌പെക്ടര്‍ സി ടി സഞ്ജയ്‌യുടെ നേതൃത്വത്തില്‍ വാഹനത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News