യോഗിക്ക് ഒന്നിനെ കുറിച്ചും അറിയില്ലെന്ന് ഉവൈസി; ബിജെപി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു

ആറുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് വേണ്ടി ബിജെപി എന്താണ് ചെയ്തത്. തൊഴിലില്ലായ്മ, പിരിച്ചുവിടല്‍, ജിഡിപി തകര്‍ച്ച-ഇതെല്ലാമാണ് ബിജെപിയുടെ സംഭാവന. വാഹന നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും തകര്‍ന്നിരിക്കുകയാണെന്നും ഉവൈസി പറഞ്ഞു.

Update: 2019-09-28 18:41 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം മുഗളന്‍മാരും ബ്രിട്ടീഷുകാരുമാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പൊളിച്ചടക്കി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഉവൈസി. യോഗി ആദിത്യനാഥ് ഇക്കാര്യത്തെക്കുറിച്ച് ഒരു വിദഗ്ദ്ധനോട് ചോദിക്കണമെന്നും ഭാഗ്യം കൊണ്ടാണ് യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതെന്നും ഉവൈസി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തിയതിന് യോഗി മുഗളന്മാരെയും ബ്രിട്ടീഷുകാരെയും കുറ്റപ്പെടുത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉവൈസിയുടെ മറുപടി. യോഗി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ യാതൊന്നും അറിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ വിദഗ്ധരോട് യോഗി അഭിപ്രായം ചോദിക്കണമായിരുന്നെന്നും ഉവൈസി പറഞ്ഞു.

ആറുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് വേണ്ടി ബിജെപി എന്താണ് ചെയ്തത്. തൊഴിലില്ലായ്മ, പിരിച്ചുവിടല്‍, ജിഡിപി തകര്‍ച്ച-ഇതെല്ലാമാണ് ബിജെപിയുടെ സംഭാവന. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തെ അപേക്ഷിച്ച് 0.8 ശതമാനം കുത്തനെ ഇടിവ്. നിലവിലെ ജിഡിപി സംഖ്യ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സംഖ്യയാണ്. വാഹന നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും തകര്‍ന്നിരിക്കുകയാണെന്നും ഉവൈസി പറഞ്ഞു.




Tags:    

Similar News