ഇന്ത്യ ലൈംഗികാതിക്രമങ്ങളുടെ നാട്; സ്ത്രീ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും

ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികര്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോര്‍ട്ട്.

Update: 2019-12-08 01:55 GMT

മുംബൈ: ഇന്ത്യ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ നാടാണെന്ന് തങ്ങളുടെ പൗരന്‍മാരായ യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടനും അമേരിക്കയും. ബ്രീട്ടീഷ് ഗവണ്‍മെന്റും യുഎസ് ഗവണ്‍മെന്റും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന സ്ത്രീ യാത്രികര്‍ക്കാണ് പ്രധാനമായും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

ബ്രീട്ടീഷ് അധികൃതര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന സ്ത്രീ യാത്രികര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായവരുടെ കൃത്യവും വിശദവുമായ കണക്കുകളും വിവരങ്ങളുമാണ്.

ബ്രീട്ടീഷ് ഗവണ്‍മെന്റ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, ലൈംഗിക ആക്രമണത്തിനും ഇരയായവരുടെ പരാതിയും പോലിസ് റിപ്പോര്‍ട്ടും അടങ്ങുന്ന വിവരങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്.

യുഎസ് ഗവണ്‍മെന്റ് 2019 മാര്‍ച്ചിലാണ് സ്ത്രീ യാത്രികര്‍ക്കായാട്ടുള്ള ട്രാവല്‍ അഡൈ്വസറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികര്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പല വിനോദസഞ്ചാരയിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങളുടെയും, ലൈംഗിക അതിക്രമങ്ങളുടെയും കേന്ദ്രമാണന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡല്‍ഹിയിലെ ബസ്സിലുണ്ടായ ബലാത്സംഗത്തിന് ശേഷം ഇന്ത്യയിലേക്ക് വരുന്ന വിദേശരാജ്യങ്ങളിലെ വനിതകള്‍ക്ക് അവരുടെ രാജ്യത്തെ അധികൃതര്‍ പല തരത്തിലുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

Tags:    

Similar News