ഡിസംബര്‍ 17 ലെ ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കുക: എസ് ഡിപിഐ

Update: 2019-12-14 07:03 GMT

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം രാജ്യത്ത് നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 17 ന് സംസ്ഥാനത്ത് നടക്കുന്ന ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. പൗരത്വം നിയമമായതോടെ ആര്‍ എസ്എസ്സിന്റെ വിചാരധാര വിജയിക്കുകയും രാജ്യത്തിന്റെ ഭരണഘടന പരാജയപ്പെടുകയും ചെയ്തിരിക്കുകയാണ്. മതത്തിന്റെ പേരില്‍ മാത്രം ഒരു വിഭാഗത്തിനെ പടിക്കുപുറത്ത് നിര്‍ത്തുന്നത് ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതിയുടെ ലംഘനമാണ്. ഇന്ത്യയുടെ ഭരണഘടനയേയും ബഹുസ്വരതയേയും മാനിക്കുന്ന യഥാര്‍ഥ രാജ്യസ്‌നേഹികളെ ഏറെ വേദനിപ്പിക്കുന്നതാണ് പുതിയ നിയമം. അതുകൊണ്ടുതന്നെ അതിനെതിരായ പ്രതിഷേധത്തില്‍ പങ്കാളിയാവുക എന്നത് പൗരന്റെ ബാധ്യതയാണ്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതു മുതല്‍ രാജ്യത്ത് അരാജകത്വവും സംഘര്‍ഷവും പടര്‍ന്നിരിക്കുകയാണ്. വാര്‍ത്താവിനിമയ നിയന്ത്രണവും ഇന്റര്‍നെറ്റ് വിഛേദിച്ചും വിമത ശബ്ദങ്ങളെ മൂടിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന ഈ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം കെ മനോജ് കുമാര്‍, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, ഖജാഞ്ചി അജ്മല്‍ ഇസ്മായീല്‍, പി കെ ഉസ്മാന്‍ സംസാരിച്ചു.




Tags:    

Similar News