ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല; നിലപാട് ആവര്‍ത്തിച്ച് മമത

ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോവുന്നില്ല. വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മമത പറഞ്ഞു.

Update: 2019-11-20 13:12 GMT

കൊല്‍ക്കത്ത: രാജ്യമാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തിരുത്ത്. തന്റെ സംസ്ഥാനമായ ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത വ്യക്തമാക്കി. ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോവുന്നില്ല. വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മമത പറഞ്ഞു.

ഏറെ വിവാദമായ അസമില്‍ എന്‍ആര്‍സിക്കെതിരേ മമത ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജസിറ്ററിന് (എന്‍ആര്‍സി) സമാനമായ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്.

ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്‍ആര്‍സി എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

രാജ്യവ്യാപകമായി നടപ്പാക്കുന്ന സമയത്ത് ആസമില്‍ എന്‍ആര്‍സി വീണ്ടും നടത്തുമെന്നും അമിത് ഷാ ഇന്ന് രാജ്യസഭയില്‍ അറിയിച്ചു. 19 ലക്ഷത്തോളം പേരാണ് ആസമില്‍ എന്‍ആര്‍സി പട്ടികയ്ക്ക് പുറത്തായത്. എന്‍ആര്‍സിയില്‍ പട്ടികയില്‍ പെടാത്തവര്‍ക്ക് കോടതിയെയും െ്രെടബ്യൂണലിനെയും സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുതായി അമിത് ഷാ നേരത്തെയും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News