ഗാഡ‍്ഗില്‍ റിപോര്‍ട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു: വിഎസ് അച്യുതനാന്ദൻ

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നല്‍കുന്നതും അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളാവുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോവുകയാണ്.

Update: 2019-08-15 09:11 GMT

തിരുവനന്തപുരം: മാധവ് ഗാഡ്ഗിൽ റിപോർട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയർന്നുകഴിഞ്ഞെന്ന് സംസ്ഥാന ഭരണ കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. കേരളത്തെ കേരളമാക്കി നിലനിര്‍ത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളില്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം ശാസ്ത്രീയമായ പഠനങ്ങളും നടന്നിട്ടുണ്ട്. പക്ഷെ, ശാസ്ത്രീയ പഠനങ്ങളെ ചില സൗകര്യങ്ങളുടെ പേരില്‍ നാം അവഗണിക്കുകയായിരുന്നു. അതിവര്‍ഷവും വരള്‍ച്ചയും തുടര്‍ച്ചയായി അനുഭവിക്കേണ്ടിവരുന്ന കേരളത്തിന്, ഓരോ വര്‍ഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നല്‍കുന്നതും അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളാവുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോവുകയാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പക്ഷെ, അനുമതി നല്‍കിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതും അതെല്ലാം ദുരന്തകാരണമായതും എന്ന വസ്തുത മറന്നുകൂട. സർക്കാരിൻറെ നയങ്ങളെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം 

Full View

Tags:    

Similar News