ആരോഗ്യ പ്രശ്‌നം; വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല

Update: 2021-04-06 05:40 GMT

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദന്‍. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടിവന്നത്.

പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം മകന്‍ വിഎ അരുണ്‍ കുമാറും കുടുംബവും രാവിലെ സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. കൊച്ചുമകന്‍ അര്‍ജ്ജുന് ഇത്തവണ കന്നി വോട്ടും ആയിരുന്നു.

എണ്‍പത് വയസ്സ് പിന്നിട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയാണ് വിഎസിന് ഇത്തവണ ഉണ്ടായത്. എണ്‍പത് വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം കിട്ടണമെങ്കില്‍ അതാത് മണ്ഡലത്തില്‍ തന്നെ താമസിക്കണമെന്ന നിബന്ധന ഉണ്ട്.

മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് പട്ടികയില്‍ വിഎസിന്റെയും ഭാര്യയുടേയും പേര് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ എത്താനാകില്ലെന്ന് പിന്നീട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

Tags:    

Similar News