സംസ്ഥാനത്ത് വിദേശ മദ്യശാലകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

വൈകീട്ട് ആരംഭിച്ച പരിശോധനകള്‍ രാത്രി വൈകിയും തുടര്‍ന്നു.

Update: 2019-04-29 18:32 GMT

സംസ്ഥാനത്തെ വിദേശ മദ്യശാലകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള കേരളാ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിലുള്ള വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വൈകീട്ട് ആരംഭിച്ച പരിശോധനകള്‍ രാത്രി വൈകിയും തുടര്‍ന്നു.

വിദേശ മദ്യ ഔട്ട് ലെറ്റുകളിലെ ഉദ്യോസ്ഥര്‍ ഉപഭോക്താക്കളില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാല്‍ അധിക തുക ഈടാക്കുന്നു, സ്‌റ്റോക്കുണ്ടായാലും കമ്മീഷന്‍ കുറവ് ലഭിക്കുന്ന മദ്യങ്ങള്‍ സ്‌റ്റോക്കില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു, കമ്മീഷന്‍ കൂടുതല്‍ ലഭിക്കുന്ന മദ്യങ്ങള്‍ മാത്രം വില്പന നടത്തുന്നു,

വില കൂടിയ മദ്യ ബ്രാന്‍ഡുകള്‍ പൊട്ടിയതായി കാണിച്ച് അവ കരിഞ്ചന്ത വഴി വില്പന നടത്തുന്നു, ക്യൂവില്‍ നില്‍കാത്തവരില്‍ നിന്നും കൈക്കൂലി വാങ്ങി ചില ഉദ്യോഗസ്ഥര്‍ മദ്യം പുറത്തെത്തിച്ച് നല്‍കുന്നു, ചെറുകിട കച്ചവടക്കാര്‍ക്ക് കൂടുതല്‍ മദ്യം വിലക്ക് നല്‍കുന്നു, ബില്ലുകളില്‍ തുക കൃത്യമായി വ്യക്തമാകാത്ത തരത്തില്‍ പഴയ ടോണര്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നു, മദ്യം പൊതിഞ്ഞ് നല്‍കാതെ പൊതിയുന്നതിനുള്ള തുക സര്‍ക്കാരില്‍ നിന്നും എഴുതി എടുക്കുന്നു തുടങ്ങിയ വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ഐഎഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളിലെയും ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തു.മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് ഐഎഎസ് അറിയിച്ചു.




Tags:    

Similar News