ഹരിദ്വാര്‍ ജില്ലയില്‍ അറവുശാലകള്‍ നിരോധിച്ചത് ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് ഹൈക്കോടതി

സമാനമായ സംഭവങ്ങളില്‍ സുപ്രിംകോടതി നേരത്തെ ആശങ്കയറിയിച്ചത് ചൂണ്ടിക്കാട്ടിയ ബെഞ്ച്, മാംസ നിരോധനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും നാളെ നിങ്ങള്‍ ആരും മാംസം കഴിക്കരുത് എന്ന് പറയുമെന്നും അഭിപ്രായപ്പെട്ടു.

Update: 2021-07-17 16:47 GMT
ഡെറാഡൂണ്‍: ഹരിദ്വാര്‍ ജില്ലയില്‍ അറവുശാലകള്‍ നിരോധിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിക്ക് എതിരേ വിമര്‍ശനവുമായി ഹൈക്കോടതി.ഒരു സമൂഹത്തെ വിലയിരുത്തുക ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണെന്ന് കോടതി ഓര്‍മിപ്പിച്ചു. അറവുശാലകള്‍ നിരോധിച്ച നടപടിക്ക് എതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ആര്‍ എസ് ചൗഹാന്റെയും ജസ്റ്റിസ് അലോക് കുമാറിന്റെയും ഡിവിഷന്‍ ബെഞ്ച് കടുത്ത വിമര്‍ശനം ഉന്നയിച്ചത്.


ജനാധിപത്യം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്. ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിയാണ് ഒരു സമൂഹത്തെ വിലയിരുത്തുക. ഒരു പൗരന്റെ തിരഞ്ഞെടുപ്പുകളെ നിര്‍ണയിക്കാന്‍ ഭരണകൂടത്തിന് എത്രത്തോളം കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

സ്വകാര്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വതന്ത്രമായി മതാചാരങ്ങള്‍ നടത്താനുള്ള അവകാശം എന്നിവയ്‌ക്കെതിരേയാണ് ഈ വിലക്കെന്നും ഹരിദ്വാറിലെ മുസ്‌ലിംകളോട്  വിവേചനം കാണിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഹരിദ്വാര്‍ ജില്ലയിലെ അറവുശാലകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത് ഗുരുതര അവകാശ പ്രശ്‌നമാണെന്നും ഭരണഘടനപരമായ വ്യാഖ്യാനം ആവശ്യമാണെന്നും കോടതി പറഞ്ഞു.

സമാനമായ സംഭവങ്ങളില്‍ സുപ്രിംകോടതി നേരത്തെ ആശങ്കയറിയിച്ചത് ചൂണ്ടിക്കാട്ടിയ ബെഞ്ച്, മാംസ നിരോധനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും നാളെ നിങ്ങള്‍ ആരും മാംസം കഴിക്കരുത് എന്ന് പറയുമെന്നും അഭിപ്രായപ്പെട്ടു.

ഒരു പൗരന് സ്വന്തം ഭക്ഷണക്രമം തീരുമാനിക്കാന്‍ അവകാശമുണ്ടോ അല്ലെങ്കില്‍ അത് ഭരണകൂടം തീരുമാനിക്കുമോ എന്നതാണ് ചോദ്യം. കേസിന് കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്നും കോടതി പറഞ്ഞു. ബക്രീദിന് മുന്‍പായി കേസ് വിധി പറയാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.

Tags: