ദേശീയ പൗരത്വ രജിസ്റ്റര്‍ ഉത്തര്‍പ്രദേശിലും നടപ്പാക്കും: യോഗി ആദിത്യനാഥ്

Update: 2019-09-16 07:29 GMT

ലഖ്‌നോ: അസമില്‍ നടപ്പിലാക്കിയതു പോലെ ഉത്തര്‍പ്രദേശിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയ നടപടി ധീരവും സുപ്രധാനവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ഇക്കാര്യത്തില്‍ അഭിനന്ദിക്കണമെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യനാഥ് പറഞ്ഞു.

പൗരത്വ പട്ടിക ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. ദേശീയ സുരക്ഷയ്ക്ക് ഇത് അനിവാര്യമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ പാവങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഇത് സഹായകമാവും. ഉത്തര്‍പ്രദേശിന് എന്‍ആര്‍സിയുടെ ആവശ്യം വന്നാല്‍ ഘട്ടം ഘട്ടമായി ഞങ്ങള്‍ക്ക് ഇത് ഇവിടെ നടപ്പിലാക്കും. അനധികൃത കുടിയേറ്റം വഴി ദരിദ്രരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നത് ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും ആദിത്യനാഥ് വ്യക്തമാക്കി.

അതേസമയം അയോധ്യ കേസില്‍ സുപ്രിം കോടതി വിധിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടന്നും ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാ വര്‍ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ 'ഒരു പരിധിക്കുശേഷം, ഞങ്ങള്‍ ഒരു തടസ്സമിടും' എന്ന അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നതായും ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാ വര്‍ധനവ് വിഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. താന്‍ ചുമതലയേറ്റ ശേഷം യുപിയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു. ആരോഗ്യ മേഖലയിലും വിദ്യഭ്യാസ മേഖലയിലും താന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സുതാര്യമായാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News