അഫ്ഗാന്‍ തടവുകാരില്‍ പ്രത്യാശയുണര്‍ത്തി യുഎസ്-താലിബാന്‍ സമാധാനക്കരാര്‍

ആയിരങ്ങളാണ് അഫ്ഗാന്‍ ജയിലുകളില്‍ മോശം അവസ്ഥയില്‍ നരകജീവിതം നയിച്ചുവരുന്നത്.

Update: 2020-03-27 05:55 GMT

കാബൂള്‍: 2016 മാര്‍ച്ചിലെ ഒരു തണുത്ത രാത്രിയില്‍, അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജാന്‍ മുഹമ്മദിന്റെ (യഥാര്‍ത്ഥ പേരല്ല)വീട്ടില്‍ നിന്ന് താലിബാന്‍ പോരാളികള്‍ പിന്‍വാങ്ങി മണിക്കൂറുകള്‍ക്കകം ചളിക്കട്ടകൊണ്ട് നിര്‍മിച്ച വീട്ടിലേക്ക് ഇരച്ചുകയറിയ സുരക്ഷാ സേന ജാന്‍മുഹമ്മദിനെ തൂക്കെയെടുത്ത് കൊണ്ടുപോയി.

തലേദിവസം രാത്രി അഫ്ഗാന്‍ സുരക്ഷാ സേനയുമായുള്ള വെടിവയ്പില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് താലിബാന്‍ പോരാളികള്‍ ഷെര്‍സാദ് ജില്ലയിലെ മുഹമ്മദിന്റെ വീട്ടില്‍ ബലമായി പ്രവേശിക്കുകയായിരുന്നു.

'തങ്ങള്‍ക്ക് താലിബാന്‍ പോരാളികളെ തടയാന്‍ കഴിഞ്ഞില്ല. തങ്ങള്‍ക്ക് അത് എങ്ങനെ ചെയ്യാന്‍ കഴിയും? ആ തോക്കുധാരികള്‍ക്കു മുമ്പില്‍ തങ്ങള്‍ തികച്ചും നിസ്സഹായരായിരുന്നു, തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിയ രാത്രിയെക്കുറിച്ച് ജാന്‍ മുഹമ്മദ് പരിതപിക്കുന്നു.

താലിബാനെ പിന്തുണച്ചെന്നാരോപിച്ചായിരുന്നു കര്‍ഷകനായ മുഹമ്മദിനെ അഫ്ഗാന്‍ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തത്. എന്നാല്‍, അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയാണ്. 'അഫ്ഗാന്‍ സേന തന്നെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചപ്പോള്‍ തന്റെ കുഞ്ഞുങ്ങള്‍ വാവിട്ട് കരഞ്ഞത് തനിക്ക് മറക്കാന്‍ കഴിയില്ല. തന്നെകൊന്ന് തന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കുവെന്ന് തന്റെ മകള്‍ പറഞ്ഞത് തന്റെ കാതുകളില്‍ ഇപ്പോഴും അലയടിക്കുന്നുണ്ട്.താലിബാനെ 'സഹായിച്ചതിന്' മുഹമ്മദിനെ 12 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. തലസ്ഥാനമായ കാബൂളിന് പുറത്തുള്ള കുപ്രസിദ്ധമായ ഫൂലെ ചക്രി ജയിലിലാണ് അദ്ദേഹത്തെ അടച്ചത്.1970 കളിലും 1980 കളിലും കാബൂളിന്റെ സോവിയറ്റ് യൂണിയന്‍ പിന്തുണയുള്ള സര്‍ക്കാരുകളുടെ കാലം മുതലുള്ള കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയ ജയിലിന് അക്രമത്തിന്റെയും പീഡനത്തിന്റെയും നീണ്ട ചരിത്രമുണ്ട്.

യുഎസും താലിബാന്‍ സായുധ സംഘവും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ ഭാഗമായി മോചിപ്പിക്കാനിരിക്കുന്ന 5,000 തടവുകാരില്‍ ഒരാളാണ് മുഹമ്മദ്.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം താലിബാന്റെ സുരക്ഷാ ഗ്യാരന്റിക്ക് പകരം 19 വര്‍ഷത്തിന് ശേഷം യുഎസ് അഫ്ഗാനില്‍നിന്നു സൈന്യത്തെ പിന്‍വലിക്കും. രാജ്യത്തുടനീളം സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അഫ്ഗാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനും താലിബാന്‍ സമ്മതിച്ചിട്ടുണ്ട്.എന്നാല്‍, തടവുകാരെ ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാനാവു എന്നു കാബൂളിലെ പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാര്‍ ശഠിച്ചിരുന്നു. എന്നാല്‍, താലിബാന്‍ ഇക്കാര്യം നിരസിച്ചതോടെ കരാര്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 1,500 തടവുകാരെ സര്‍ക്കാര്‍ മോചിപ്പിക്കും. എന്നാല്‍ തടവുകാര്‍ യുദ്ധത്തിലേക്ക് മടങ്ങിവരില്ലെന്നു ഉറപ്പു നല്‍കണമെന്നുമാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ആവശ്യം.എന്നാല്‍, യുഎസുമായുള്ള ധാരണപ്രകാരം 5,000 തടവുകാരെയും ഗനി ഒറ്റയടിക്ക് മോചിപ്പിക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്.

തടവുകാരുടെ മോചനം സംബന്ധിച്ചുള്ള വിയോജിപ്പും ഗനിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള അഫ്ഗാന്‍ സര്‍ക്കാറിന്റെ ഉന്നതതലത്തിലുള്ള തര്‍ക്കവും യുഎസ് നേതൃത്വത്തിലുള്ള സമാധാന പ്രക്രിയക്ക് വിഘാതം സൃഷ്ടിക്കുകയാണ്.

തന്നെ താലിബാന്റെ രാഷ്ട്രീയ തടവുകാരനായിട്ടാണ് കാണുന്നത്, താലിബാന്‍ എന്റെ മോചനം ആവശ്യപ്പെടുന്നു, കാരണം ആ രാത്രിയില്‍ ഒരു തവണ ഭക്ഷണം കൊടുത്ത് അവരുടെ പോരാളികളെ സഹായിച്ചതിനാലാണ്. വാസ്തവത്തില്‍, ആ പോരാളികള്‍ ആയുധധാരികളായതിനാല്‍ തനിക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.-മുഹമ്മദ് ജയിലില്‍ നിന്ന് അല്‍ ജസീറയോട് പറഞ്ഞു. 'ബലപ്രയോഗത്തിലൂടെ തന്റെ വീട്ടില്‍ പ്രവേശിച്ച താലിബാന്‍ പോരാളികളോട് താന്‍ ഒരിക്കലും ക്ഷമിക്കില്ല, തന്റെ വീട് റെയ്ഡ് ചെയ്ത താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോടും താന്‍ ഒരിക്കലും ക്ഷമിക്കില്ല.

5000 തടവുകാരുടെ പട്ടികയില്‍ ഫൂലെ ചക്രി ജയിലില്‍ തടവുജീവിതം നയിച്ച മുസ്ലിം അഫ്ഗാനുമുണ്ട്. സ്‌ഫോടക വസ്തുക്കള്‍ കൈവശംവച്ചെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ തടവിലിട്ടത്. കാബൂളിലെ സലാം സര്‍വകലാശാലയില്‍ നിയമനിയ വിദ്യാര്‍ഥിയായിരുന്ന അഫ്ഗാനയെ

2015നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടിവന്നതായി അദ്ദേഹം ആരോപിക്കുന്നു.

ചോദ്യം ചെയ്യലിനിടെ തന്റെ കാല്‍വിരലുകളിലെ നഖങ്ങള്‍ പിഴുതെടുത്തു. എല്ലാ ദിവസം വൈദ്യുതാഘാതമേല്‍പ്പിച്ചു. ശൈത്യകാലത്ത് പത്തു മിനുറ്റ് മുതല്‍ അരമണിക്കൂര്‍ വരെ തണുത്തവെള്ളത്തില്‍ മുക്കി. ക്രൂര പീഡനങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ തനിക്കെതിരേ അരങ്ങേറിയതെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ആയിരങ്ങളാണ് അഫ്ഗാന്‍ ജയിലുകളില്‍ മോശം അവസ്ഥയില്‍ നരകജീവിതം നയിച്ചുവരുന്നത്.

Tags:    

Similar News