യുഎസ് ലോക ഭീകരതയുടെ നേതാവ്: ഹസ്സന്‍ റൂഹാനി

റവല്യൂഷണറി സൈന്യത്തെ ഭീകരസംഘടനയാക്കി മുദ്രകുത്താന്‍ നിങ്ങളാരാണെന്നും ഇത്തരത്തില്‍ തീരുമാനം കൈകൊള്ളാന്‍ യുഎസിന് ഒരു യോഗ്യതയുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Update: 2019-04-10 10:24 GMT

തെഹ്‌റാന്‍: യുഎസ് ലോകഭീകരതയുടെ യഥാര്‍ത്ഥ നേതാവാണെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ലാകത്തെ ഏറ്റവും വലിയ തീവ്രവാദികളാണ് ഇറാനിലെ മുന്‍നിര സൈന്യമായ റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (irgc)യെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്‍ ദേശീയ ആണവ സാങ്കേതിക വിദ്യാ ദിനത്തോടനുബന്ധിച്ച് തെഹ്‌റാനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനിലെ റവല്യൂഷനറി ഗാര്‍ഡ്‌സിനെ യുഎസ് ഭരണകൂടം വിദേശ ഭീകര സംഘടനയെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി റൂഹാനി മുന്നോട്ട് വന്നത്.റവല്യൂഷണറി സൈന്യത്തെ ഭീകരസംഘടനയാക്കി മുദ്രകുത്താന്‍ നിങ്ങളാരാണെന്നും ഇത്തരത്തില്‍ തീരുമാനം കൈകൊള്ളാന്‍ യുഎസിന് ഒരു യോഗ്യതയുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 1979ലെ രൂപീകരണകാലം തൊട്ട് ഭീകരതയ്‌ക്കെതിരേ പോരാടിയ സൈന്യമാണ് റവല്യൂഷനറി ഗാര്‍ഡെന്നും റൂഹാനി പറഞ്ഞു.

ഭീകര സംഘടനകളുമായും ഭീകര പ്രവര്‍ത്തിയുമായും യുഎസ് സൈന്യത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ എല്ലായ്‌പ്പോഴും ബന്ധമുണ്ടായിരുന്നുവെന്നും റൂഹാനി ആരോപിച്ചു.

മേഖലയിലെ രാഷ്ട്രങ്ങള്‍ക്കെതിരായ നീക്കങ്ങളില്‍ ഭീകര സംഘടനകളെ ഉപകരണമാക്കുന്ന നിങ്ങള്‍ ലോകഭീകരതയുടെ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ഐആര്‍ജിസിയെ ഭീകരസംഘടനയായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ യു.എസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് യു.എസ് സൈന്യത്തെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാനും തിരിച്ചടിച്ചിരുന്നു.

Tags:    

Similar News