നയം മാറ്റി യുഎസ്; ട്രംപ് വെട്ടിക്കുറച്ച ഫലസ്തീനുള്ള സഹായം പുനസ്ഥാപിക്കുമെന്ന് ബൈഡന്‍ ഭരണകൂടം

ട്രംപിന്റെ ഭരണകാലത്ത് തകര്‍ന്നടിഞ്ഞ ഫലസ്തീനുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാനുഷിക, സാമ്പത്തിക, സുരക്ഷാ സഹായം ഉള്‍പ്പെടെയുള്ള പാക്കേജ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിച്ചത്.

Update: 2021-04-07 19:41 GMT

വാഷിങ്ടണ്‍: ഫലസ്തീനികള്‍ക്ക് കുറഞ്ഞത് 23.5 കോടി ഡോളര്‍ സഹായം നല്‍കാനും അഭയാര്‍ഥികളെ പിന്തുണയ്ക്കുന്ന യുഎന്നിന്റെ ധനസഹായം പുനരാരംഭിക്കാനും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെട്ടിക്കുറച്ച മറ്റ് സഹായങ്ങള്‍ പുനസ്ഥാപിക്കാനും പദ്ധതികള്‍ പ്രഖ്യാപിച്ച് യുഎസ്. ബുധനാഴ്ചയാണ് ബൈഡന്‍ ഭരണകൂടം ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടത്.

ട്രംപിന്റെ ഭരണകാലത്ത് തകര്‍ന്നടിഞ്ഞ ഫലസ്തീനുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാനുഷിക, സാമ്പത്തിക, സുരക്ഷാ സഹായം ഉള്‍പ്പെടെയുള്ള പാക്കേജ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിച്ചത്.ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്‍ ജനുവരി 20ന് അധികാരമേറ്റതിനുശേഷം നടത്തിയ ഏറ്റവും പ്രധാനപ്പെട്ട നീക്കങ്ങളിലൊന്നാണിത്.

ഫലസ്തീന്‍ വിഷയത്തില്‍ റിപ്പബ്ലിക്കന്‍ മുന്‍ഗാമിയുടെ സമീപനത്തില്‍നിന്നു കാതലായ മാറ്റം കൊണ്ടുവരുമെന്ന് നേരത്തേ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വഴി 150 മില്യണ്‍ ഡോളറും അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലും യുഎസ് സാമ്പത്തിക സഹായം 75 മില്യണ്‍ ഡോളറും വികസന ഫണ്ടിംഗില്‍ 10 മില്യണ്‍ ഡോളറുമാണ് പദ്ധതി വഴി ചെലവഴിക്കുക.

Tags:    

Similar News