കള്ളക്കേസ് ചുമത്തി യുപി പോലിസ് തുറങ്കിലടച്ച കുടുംബം ജയില്‍ മോചിതരായി നാട്ടിലെത്തി; പന്തളത്ത് ഉജ്ജ്വല സ്വീകരണം (വീഡിയോ)

വിമാന മാര്‍ഗം ഇന്നു കേരളത്തിലെത്തിയ കുടുംബത്തിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റി, എന്‍ഡബ്ല്യുഎഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

Update: 2021-11-01 15:07 GMT

പത്തനംതിട്ട: യുപിയിലെ യോഗി ആതിഥ്യനാഥ് ഭരണകൂടം കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച കുടുംബത്തിന് പന്തളത്ത് ഉജ്ജ്വല സ്വീകരണം. യുപി ജയിലിലെ 36 ദിവസം നീണ്ട കാരഗൃഹ വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് മൂന്നംഗ സംഘം മോചിതരായത്. വിമാന മാര്‍ഗം ഇന്നു കേരളത്തിലെത്തിയ കുടുംബത്തിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റി, എന്‍ഡബ്ല്യുഎഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.  സ്തീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയത്.

ട്രെയിന്‍ യാത്രയ്ക്കിടെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഉത്തര്‍ പ്രദേശ് പോലിസ് തട്ടിക്കൊണ്ട് പോയി കള്ളക്കേസ് ചുമത്തി ജയിലടച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പന്തളം ചേരിക്കല്‍ സ്വദേശി അന്‍ഷാദ് ബദറുദീന്റെ വൃദ്ധയായ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, 7 വയസ്സുകാരനായ മകന്‍ എന്നിവരാണ് ജയില്‍ മോചിതരായി ഇന്നു രാവിലെ 11.30ന് വിമാനമാര്‍ഗം കേരളത്തിലെത്തിയത്.

കള്ളക്കേസ് ചമച്ച് യുപിയില്‍ തടവിലാക്കപ്പെട്ട അന്‍ഷാദിനെ സന്ദര്‍ശിക്കാനാണ് ഇവര്‍ സപ്തംബറില്‍ അവിടേക്ക് പോയത്.

എന്നാല്‍, സന്ദര്‍ശനം വൈകിപ്പിച്ച യുപി പോലിസ് പിന്നീട് ആര്‍ടിപിസിആര്‍ രേഖയുടെ പേര് പറഞ്ഞു കള്ളക്കേസ് ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളേയും കുട്ടിയേയും ജയിലടക്കുകയായിരുന്നു.

നീണ്ട 36 ദിവസം ജയിലിലടക്കുകയും ജാമ്യം ലഭിച്ചിട്ടും നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് 14 ദിവസം വീണ്ടും അധികമായി ജയിലിലിട്ട് മാനസിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഇന്നലെയാണ് ഇവര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

പന്തളത്ത് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ് സജീവ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ജില്ലാ സെക്രട്ടറി സാദിക്ക് അഹമ്മദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ഷാനവാസ് മുട്ടാര്‍, ആസാദ് പന്തളം, സുബി മുട്ടാര്‍, ജെസ്സില്‍ പഴകുളം സംസാരിച്ചു.


Full View
Tags:    

Similar News