ദേശ സുരക്ഷാ നിയമം ചുമത്തിയത് തെറ്റ്; ഡോ. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി

'പ്രസംഗം പൂര്‍ണമായി വായിച്ചാല്‍ വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമവും വെളിപ്പെടുത്തുന്നില്ല. ഇത് അലിഗഡ് നഗരത്തിന്റെ സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്നില്ല'. ഹൈക്കോടതി വ്യക്തമാക്കി.

Update: 2020-09-01 06:09 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ അറസ്റ്റിലായ ഡോ. കഫീല്‍ ഖാനെ ദേശ സുരക്ഷാ നിയമപ്രകാരം ജയിലില്‍ അടച്ചത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ദേശ സുരക്ഷ നിയമം ചുമത്തി യുപി പോലിസ് അറസ്റ്റ് ചെയ്ത കഫീല്‍ ഖാന്റെ ജാമ്യ ഹരജി 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് നേരത്തെ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കഫീല്‍ ഖാന്റെ മാതാവ് നുസ്ഹത് പര്‍വീന്‍ സമര്‍പ്പിച്ച ഹരജിയാലാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അലഹാബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കഫീല്‍ ഖാന് മേല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷ നിയമത്തിന്റെ കാലാവധി ആഗസ്ത് പതിമൂന്നിന് അവസാനിച്ചിരുന്നു.

പൗരത്വ പ്രക്ഷോഭത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ ജനുവരിയിലാണ് യുപി പോലിസ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ സിഎഎക്കെതിരെ പ്രസംഗിച്ചത്.

'പ്രസംഗം പൂര്‍ണമായി വായിച്ചാല്‍ വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമവും വെളിപ്പെടുത്തുന്നില്ല. ഇത് അലിഗഡ് നഗരത്തിന്റെ സമാധാനത്തിനും ശാന്തിക്കും ഭീഷണിയാകുന്നില്ല'. ഹൈക്കോടതി വ്യക്തമാക്കി. 'പ്രസംഗത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ അവഗണിച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് നിന്ന് സെലക്ടീവ് റീഡിംഗും പ്രസംഗത്തില്‍ നിന്നുള്ള കുറച്ച് വാക്യങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതിയും ഉണ്ടായതായും കോടതി വിലയിരുത്തി. 

Tags: