സിദ്ധിഖ് കാപ്പന്റെ അന്യായ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ

സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്.

Update: 2020-12-01 07:01 GMT

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ച സംഭവത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ. അഭിഭാഷകനായ പാല്‍ സിംഗ് മുഖേന സുപ്രിംകോടതിയില്‍ സംഘടന സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്.

പോലിസ് നിയമ വിരുദ്ധ നടപടികള്‍ സ്വീകരിച്ചത് അവര്‍ക്ക് കിട്ടിയ ചില നിര്‍ദേശങ്ങള്‍ പ്രകാരമാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സിദ്ധിഖ് കാപ്പന്‍ നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രിംകോടതിയെ അറിയിച്ചു. പോപുലര്‍ ഫ്രണ്ടുമായി സിദ്ധിഖീന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ഒരു മുഴുവന്‍ സമയമാധ്യമപ്രവര്‍ത്തകനാണ്.

കസ്റ്റഡിയില്‍ സിദ്ധീഖ് കാപ്പനെ പോലിസ് മര്‍ദ്ദിച്ചെന്നും അദ്ദേഹത്തിന് ചികില്‍സയും മരുന്നും നിഷേധിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. കസ്റ്റഡിയില്‍ സിദ്ധീഖ് കാപ്പനെ ഉറങ്ങാന്‍ പോലും പോലിസ് അനുവദിച്ചില്ല. തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കാന്‍ കെട്ടിച്ചമച്ച സത്യവാങ്മൂലമാണ് യുപി പോലിസ് നല്‍കിയെന്നുംപത്രപ്രവര്‍ത്തക യൂണിയന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഹാഥ്‌റസില്‍ സവര്‍ണ ജാതി വെറിയന്‍മാര്‍ പീഡിപ്പിച്ച് കൊന്ന ദലിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയാണ് സിദ്ധീഖ് കാപ്പനെയും സംഘത്തേയും യുപി പോലിസ് കസറ്റഡിയിലെടുത്തത്. തുടര്‍ന്ന് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കള്ളക്കേസ് എടുക്കുകയായിരുന്നു.

Tags: