കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഖബറടക്കാനുള്ള മുസ്‌ലിംകളുടെ അവകാശം ഹനിക്കരുതെന്ന് ശ്രീലങ്കയോട് യുഎന്‍

കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് രണ്ട് ദിവസം മുമ്പ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ തീരുമാനത്തിനെതിരേ ഏറെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍.

Update: 2020-04-22 02:20 GMT

കൊളംബോ: മൃതദേഹം മതാചാര പ്രകാരം ഖബറടക്കാനുള്ള മുസ്‌ലിംകളുടെ അവകാശം അനുവദിച്ച് കൊടുക്കണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് യുഎന്‍ ആവശ്യപ്പെട്ടു. കൊറോണ ബാധിച്ച് മരിച്ച മുസ് ലിംകളുടെ മൃതദേഹം ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഖബറടക്കാനുള്ള അനുമതി നല്‍കണമെന്ന് യുഎന്‍ രക്ഷാസമിതിയുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രത്യേക പ്രതിനിധിയാണ് ശ്രീലങ്കയോട് ആവശ്യപ്പെട്ടത്.

ശ്രീലങ്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മുസ് ലിംകള്‍ ഉള്‍പ്പടേയുള്ളവരുടെ മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍. സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും മുസ് ലിംകളുടെ ഖബറടക്കാനുള്ള അവകാശം അനുവദിക്കണമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയോട് യുഎന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

രോഗ വ്യാപനം തടയുന്നതിന്റെ പേരില്‍ അനാവശ്യമായ മുന്‍കരുതല്‍ എടുക്കേണ്ടതില്ലെന്നും വിവിധ വിശ്വാസി സമൂഹങ്ങളുടെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെ ഹനിക്കരുതെന്നും യുഎന്‍ പ്രതിനിധി പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് രണ്ട് ദിവസം മുമ്പ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ തീരുമാനത്തിനെതിരേ ഏറെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍. ശ്രീലങ്കയില്‍ ഇതുവരെ 300 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ മരിച്ചു.


Tags: