യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് കനത്ത തിരിച്ചടി; ഇറാനെതിരായ ആയുധ ഉപരോധം നീട്ടണമെന്ന ആവശ്യം ദയനീയമായി പരാജയപ്പെട്ടു

ഉപരോധം അനിശ്ചിതമായി നീട്ടണമെന്നാവശ്യപ്പെട്ടുള്ള യുഎസ് പ്രമേയത്തിനുമേല്‍ വെള്ളിയാഴ്ച രക്ഷാ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് മാത്രമാണ് പിന്തുണ ലഭിച്ചത്.

Update: 2020-08-15 10:25 GMT

ന്യൂയോര്‍ക്ക്: ഇറാനെതിരായ ആഗോള ആയുധ ഉപരോധം നീട്ടാനുള്ള യുഎസ് ശ്രമത്തിന് യുഎന്‍ രക്ഷാ സമിതിയില്‍ കനത്ത തിരിച്ചടി. ഉപരോധം അനിശ്ചിതമായി നീട്ടണമെന്നാവശ്യപ്പെട്ടുള്ള യുഎസ് പ്രമേയത്തിനുമേല്‍ വെള്ളിയാഴ്ച രക്ഷാ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് മാത്രമാണ് പിന്തുണ ലഭിച്ചത്. പ്രമേയം പാസാവാന്‍ ഒമ്പതു വോട്ടുകള്‍ വേണമെന്നിരിക്കെ കേവലം ഒരു വോട്ട് മാത്രമാണ് യുഎസിന് നേടാനായത്. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ 15 അംഗ സംഘത്തിലെ 11 അംഗങ്ങള്‍ വിട്ടുനിന്നു. ഇറാനും ആറ് വന്‍ ശക്തികളും തമ്മില്‍ 2015ല്‍ ഒപ്പുവച്ച ആണവ കരാര്‍ പ്രകാരം ഒക്ടോബര്‍ 18ന് അവസാനിക്കാനിരിക്കെയാണ് ഉപരോധം നീട്ടണമെന്നാവശ്യപ്പെട്ട് യുഎസ് മുന്നോട്ട് വന്നത്. എന്നാല്‍, 13 വര്‍ഷത്തെ വിലക്ക് നീട്ടുന്നതിനെ റഷ്യയും ചൈനയും ശക്തമായി എതിര്‍ത്തു. പ്രമേയം പരാജയപ്പെട്ട വിവരം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തന്നെയാണ് വെളിപ്പെടുത്തിയത്.

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നിര്‍ണായകമായി പ്രവര്‍ത്തിക്കുന്നതില്‍ രക്ഷാ സമിതി പരാജയപ്പെട്ടെന്നും ഇതില്‍നിന്ന് രക്ഷാ സമിതിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഇസ്രായേലും ആറ് അറബ് രാജ്യങ്ങളും ഇറാനുമേലുള്ള ഉപരോധം നീട്ടണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കുന്നവരാണ്. ഉപരോധം നീട്ടിയില്ലെങ്കില്‍ അത് കൂടുതല്‍ കുഴങ്ങപ്പളുണ്ടാക്കും എന്നാണ് ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും പ്രമേയം തള്ളിയതിലൂടെ യുഎന്‍ രക്ഷാ സമിതി ഈ രാജ്യങ്ങളുടെ ആശങ്ക അവഗണിക്കുകയായിരുന്നുവെന്നും പോംപിയോ പറഞ്ഞു.

ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശ്രമം യുഎന്‍ രക്ഷാസമിതിയില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡര്‍ ഴാങ് ജുന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2018ല്‍ ഏകപക്ഷീയമായി ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങിയ ശേഷം യുഎന്നിനെ ഉപയോഗിച്ച് ഇറാനുമേല്‍ കൂടുതല്‍ ശക്തമായ ഉപരോധം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.

അതേസമയം, ഉപരോധം തിരിച്ചുകൊണ്ടുവരാനുള്ള യുഎസ് ശ്രമത്തിനെതിരേ ഇറാന്റെ യുഎന്‍ അംബാസഡര്‍ മാജിദ് തക്ത് റാവഞ്ചി വാഷിങ്ടണിന് മുന്നറിയിപ്പ് നല്‍കി. രക്ഷാ സമിതി ഇറാനില്‍ എന്തെങ്കിലും ഉപരോധങ്ങളോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തുന്നത് ഇറാന്‍ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News