ഗസയിലെ കൂട്ടക്കുരുതി: ഇസ്രയേലിന്റേത് യുദ്ധകുറ്റമെന്ന് യുഎന്‍ അന്വേഷണ സംഘം

ഇസ്രയേലി സ്‌നൈപ്പര്‍മാരും കമാന്‍ഡര്‍മാരും കൊല നടത്തിയതിന് വ്യക്തമായ തെളിവുകുണ്ടെന്നും ഇസ്രയേല്‍ ഇവരെ വിചാരണ ചെയ്യണമെന്നും യുഎന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

Update: 2019-03-01 01:15 GMT

തെല്‍ അവീവ്: ഗസയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ഫലസ്തീനികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇസ്രയേല്‍ യുദ്ധക്കുറ്റത്തിന് വിചാരണ നേരിടണമെന്ന് അന്വേഷണ സംഘം. ഇസ്രയേലി സ്‌നൈപ്പര്‍മാരും കമാന്‍ഡര്‍മാരും കൊല നടത്തിയതിന് വ്യക്തമായ തെളിവുകുണ്ടെന്നും ഇസ്രയേല്‍ ഇവരെ വിചാരണ ചെയ്യണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.മറ്റുള്ളവരെ അപകടപ്പെടുത്തുകയോ ഏതെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്തുകയോ സംഘര്‍ഷങ്ങളില്‍ പങ്കെടുത്തവരോ ആവാതിരുന്നിട്ടും ഭിന്ന ശേഷിക്കാരായ ഫലസ്തീനികളെ പോലും ഇസ്രയേല്‍ സൈന്യം വധിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.


തങ്ങള്‍ നിരന്തം ഉന്നയിക്കുന്ന വിഷയമാണ് യുഎന്‍ ഇപ്പോള്‍ കണ്ടെത്തിയതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് പറഞ്ഞു. ഗസയിലും വെസ്റ്റ്ബാങ്കിലും ജറുസലേമിലും ഇസ്രാഈല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും അബ്ബാസ് പറഞ്ഞു. ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








എന്നാല്‍, റിപോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി.യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് കപടമാണെന്നും കടുത്ത ഇസ്രഈല്‍ വിരുദ്ധതയുടെ പേരില്‍ പടച്ചുണ്ടാക്കിയ കളവുകളാണെന്നും നെതന്യാഹു ആരോപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ നടന്ന 'ഗ്രേറ്റ് റിട്ടേണ്‍ ഓഫ് മാര്‍ച്ച്' പ്രതിഷേധത്തിലാണ് ഗാസ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ കൂട്ടക്കൊല നടത്തിയത്.


സായുധരായ പലസ്തീന്‍ തീവ്രവാദികളില്‍ നിന്ന് തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാനുള്ള നടപടിയായാണ് ഇതിനെ ഇസ്രാഈല്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷത്തില്‍ ഒറ്റ ഇസ്രഈല്‍ സൈനികനും കൊല്ലപ്പെട്ടില്ലെന്നും നാല് പേര്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് സംഭവിച്ചതെന്നും ഐക്യരാഷ്ട്രസഭാ അന്വേഷണ പാനല്‍ പറയുന്നു. മാര്‍ച്ച് 30ഡിസംബര്‍ 31 (2018) വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കിയാണ് യു.എന്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ രേഖകളും ഫോട്ടോകള്‍, വീഡിയോ, ഡ്രോണ്‍ ഫൂട്ടേജുകളും ഇരകളായവരെയും സാക്ഷികളെയും കണ്ട് സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ ഈ കണ്ടെത്തലുകള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു.

Tags: