യുക്രെയിനിലെ രണ്ട് ഗ്രാമം പിടിച്ചെടുത്ത് റഷ്യ; ബോംബ് വര്‍ഷം, നിരവധി പേര്‍ കൊല്ലപ്പെട്ടു

Update: 2022-02-24 09:35 GMT

കീവ്: യുദ്ധം തുടങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രെയിന്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. യുക്രെയിനിലെ ലുഹാന്‍സ്‌കിലെ ഷ്ചസ്ത്യ, സ്റ്റാനിറ്റ്‌സിയ ലുഹാന്‍സ്‌ക പട്ടണങ്ങളാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിന്‍ യുക്രെയിനെതിരേ സൈനിക നടപടി പ്രഖ്യാപിച്ചത്. റഷ്യയുടെ ആക്രമണത്തില്‍ നൂറുകണക്കിന് യുക്രെയിന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. ബഹുമുഖ ആക്രമണമാണ് റഷ്യന്‍ സൈന്യം യുക്രെയിനെതിരേ അഴിച്ചുവിടുന്നത്.

കര, വ്യോമ, നാവിക സേനകളുടെ സംയുക്തമായ ആക്രമണത്തിനാണ് യുക്രെയിന്‍ ഇന്ന് രാവിലെ ഇരയായത്. യുക്രെയിന്‍ വ്യോമസേനയെ കീഴ്‌പ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടിഎഎസ്എസ് റിപോര്‍ട്ട് ചെയ്തു. ജനങ്ങളെ ആക്രമിക്കില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ബോംബ് വര്‍ഷവും മിസൈല്‍ ആക്രമണവും പല നഗരങ്ങളേയും തകര്‍ത്തു. ആദ്യദിവസമുണ്ടായ ആക്രമണങ്ങളില്‍ ഏഴുപേര്‍ക്ക് ജീവഹാനിയുണ്ടായതായാണ് സ്ഥിരീകരിച്ചത്. ഒഡേസയില്‍ ആറ് പേരും തലസ്ഥാനമായ കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രെയിന്‍ അറിയിച്ചു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. യുക്രെയിനും ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിക്കുന്നത്. പ്രതിരോധിക്കാന്‍ നില്‍ക്കരുതെന്നും കീഴടങ്ങണമെന്നുമുള്ള റഷ്യന്‍ ഭീഷണികള്‍ അവഗണിച്ച് അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി യുക്രെയിന്‍ അവകാശപ്പെട്ടു. പുതിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍നിന്ന് മറ്റ് നഗരങ്ങളില്‍നിന്നും സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. യുക്രെയിനെതിരേ റഷ്യ തുടക്കംകുറിച്ചത് സമ്പൂര്‍ണ അധിനിവേശത്തിനാണെന്നും സമാധാനപൂര്‍ണമായ യുക്രെയിന്‍ നഗരങ്ങള്‍ ആക്രമണത്തിന്റെ നിഴലിലാണെന്നും വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.

റഷ്യന്‍ അധിനിവേശത്തിന് തക്കതായ മറുപടി യുക്രെയിന്‍ നല്‍കുമെന്ന് യുക്രെയിന്‍ എംപി വഌദിമിര്‍ അരിയേവ് 'ഇന്ത്യാ ടുഡേ'യോടു പ്രതികരിച്ചു. റഷ്യയ്ക്ക് നരകത്തിലേക്ക് സ്വാഗതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പട്ടാളം ഏതറ്റം വരെയും പോവുമെന്ന് യുക്രെയിന്‍ മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരമായ കീവ് ഇപ്പോള്‍ പൂര്‍ണമായും യുക്രെയിന്‍ പട്ടാളത്തിന്റെ കീഴിലാണ്. എല്ലാവരോടും വീടുകളില്‍തന്നെ തുടരണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. പുലര്‍ച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്.

വ്യോമമാര്‍ഗമുള്ള പട ആദ്യം യുദ്ധം ആരംഭിച്ചു. സമാന്തരമായി യുക്രെയിനിലെ ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യവും കടന്നു. തലസ്ഥാനമായ കീവില്‍ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുെ്രെകന്‍ നഗരമായ ക്രമറ്റോസ്‌കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രെയിനെ കരമാര്‍ഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചു. അതേസമയം, റഷ്യ- യുക്രെയിന്‍ സംഘര്‍ഷം അതീവ അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് ഇന്ത്യ പറഞ്ഞു. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനം തകരും. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടണ്ട്. 18,000 ഇന്ത്യാക്കാരാണ് നിലവില്‍ യുക്രെയിനിലുള്ളത്.

Tags: