കണ്ണൂര്‍ കൂത്തുപറമ്പില്‍ കാര്‍ മറിഞ്ഞ് രണ്ടു മരണം; എട്ടുപേര്‍ക്ക് പരിക്ക്

നീര്‍വേലി സ്‌കൂളിലെ റിട്ട. പ്യൂണ്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ കയനിയിലെ കുഴിക്കല്‍ മഞ്ചേരിപ്പൊയിലിലെ അരവിന്ദാക്ഷന്‍(68), ചെറുമകന്‍ ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്.

Update: 2023-05-12 03:55 GMT

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് മെരുവമ്പായിയില്‍ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. നീര്‍വേലി സ്‌കൂളിലെ റിട്ട. പ്യൂണ്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ കയനിയിലെ കുഴിക്കല്‍ മഞ്ചേരിപ്പൊയിലിലെ അരവിന്ദാക്ഷന്‍(68), ചെറുമകന്‍ ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡില്‍ മെരുവമ്പായിയില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വരികയായിരുന്ന ടവേര നിയന്ത്രണംവിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ അഭിഷേക്(25), ശില്‍പ(30), ആരാധ്യ (11), സ്വയംപ്രഭ(55), ഷിനു (36), ധനുഷ (28), സിദ്ധാര്‍ഥ് (8), സാരംഗ്(8) എന്നിവര്‍ക്കാണ് പരുക്ക്. കെഎല്‍60സി 1273 ടവേരയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. അമിതവേഗമോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടനെ നാട്ടുകാര്‍ എത്തിയാണ് വാഹനം വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags: