കുറ്റിയാടിയില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

കുറ്റിയാടി സിറാജുല്‍ ഹുദാ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്

Update: 2019-08-09 01:57 GMT

കോഴിക്കോട്: കനത്ത മഴയില്‍ കുറ്റിയാടിയില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റിയാടി സിറാജുല്‍ ഹുദാ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, അധ്യാപകന്‍ ഷരീഫ് സഖാഫി എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി സിറാജുല്‍ ഹുദാ കോംപൗണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി തിരിച്ചുവരുന്നതിനിടെ ചാലില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.ശരീഫ് സഖാഫി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ മുഹമ്മദും അപകടത്തില്‍പെടുകയായിരുന്നു. രാത്രി ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുമ്പോഴാണ് അപകടം. സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. കാല് തെറ്റി വെള്ളത്തില്‍ ആണ്ടു പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ നീന്തി കരയ്‌ക്കെത്തി. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

    അതിനിടെ, മലപ്പുറം എടവണ്ണയില്‍ മണ്ണിടിഞ്ഞ് നാലുപേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഒരുകുടുംബത്തിലെ നാലുപേരാണ് മരിച്ചത്. കുട്ടശ്ശേരി ഉനൈസ്, ഭാര്യ നുസ്രത്ത്, മക്കളായ സന, ഷനില്‍ എന്നിവരാണു മരിച്ചത്. കണ്ണൂര്‍ ഇരിട്ടിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ പഴശ്ശി കനാലിന്റെ കാരയില്‍ കനാല്‍ പൊട്ടി. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്‌റസകളും ഉള്‍പ്പെടെ അവധിയാണ്. പൂത്തുമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയും ഒരു മൃതദേഹം കണ്ടെത്തി. ഇന്നലെ ദുഷ്‌കരമായ കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ഇവിടെ രാവിലെ തന്നെ സൈന്യവും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. വെള്ളിയാഴ്ച മാത്രം എട്ടുമരണമാണ് റിപോര്‍ട്ട് ചെയ്തത്.










Tags:    

Similar News