ചാരവൃത്തിക്ക് തുര്‍ക്കി അറസ്റ്റ് ചെയ്ത യുഎഇ പൗരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ആങ്കറയില്‍ സില്‍വിരി ജയിലിലാണ് സാക്കി വൈ എം ഹസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകാംഗ സെല്ലിലെ ശുചിമുറിയുടെ വാതിലില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Update: 2019-04-29 16:03 GMT

ആങ്കറ: യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് തുര്‍ക്കിയില്‍ അറസ്റ്റിലായ യുവാവ് ജയിലില്‍ ആത്മഹത്യ ചെയ്തതായി ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. ആങ്കറയില്‍ സില്‍വിരി ജയിലിലാണ് സാക്കി വൈ എം ഹസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകാംഗ സെല്ലിലെ ശുചിമുറിയുടെ വാതിലില്‍ തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഭക്ഷണം നല്‍കാനായി ജയില്‍ പാറാവുകാര്‍ എത്തിയപ്പോഴാണ് മരണം ശ്രദ്ധയില്‍പെട്ടതെന്ന് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ഇസ്താംബൂള്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റിയൂട്ട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര, രാഷ്ട്രീയ, സൈനിക ചാരവൃത്തിയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഏപ്രില്‍ 19നാണ് മറ്റൊരാള്‍ക്കൊപ്പം സാക്ക അറസ്റ്റിലാവുന്നത്. ജമാല്‍ ഖഷഗ്ജിയുടെ വധവുമായി ബന്ധമുള്ളയാളാണ് ഇദ്ദേഹമെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ഖഷഗ്ജി കൊല്ലപ്പെട്ട സമയത്താണ് ഇരുവരും തുര്‍ക്കിയിലെത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags: