ഫലസ്തീനു വേണ്ടി സംരക്ഷണ സേന; ഒഐസി യോഗത്തില്‍ സുപ്രധാന ആശയം മുന്നോട്ട് വച്ച് തുര്‍ക്കി

ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒഐസി) അടിയന്തര യോഗത്തിലാണ് ഫലസ്തീന്‍ ജനതയ്ക്കായി 'അന്താരാഷ്ട്ര സംരക്ഷണ സേന'യെ സുപ്രധാന ആശയം തുര്‍ക്കി മുന്നോട്ട് വച്ചത്.

Update: 2021-05-16 19:46 GMT

ആങ്കറ: ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സേനയെന്ന ആശയം മുന്നോട്ട് വച്ച് തുര്‍ക്കി. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒഐസി) അടിയന്തര യോഗത്തിലാണ് ഫലസ്തീന്‍ ജനതയ്ക്കായി 'അന്താരാഷ്ട്ര സംരക്ഷണ സേന'യെ സുപ്രധാന ആശയം തുര്‍ക്കി മുന്നോട്ട് വച്ചത്.

ഇതിനായി തയ്യാറുള്ള സൈനികവും സാമ്പത്തികവുമായ സഹായത്തോടെ ഒരു അന്താരാഷ്ട്ര സംരക്ഷണ സേന രൂപീകരിക്കുന്നതിലൂടെ ഫലസ്തീന്‍ ജനതയ്ക്ക് പ്രത്യക്ഷ സംരക്ഷണം നല്‍കാനാവുമെന്നും 2018 ലെ യുഎന്‍ പൊതു സഭയിലെ പ്രമേയത്തിന്റെ ചുവട് പിടിച്ച് ഇത് നടപ്പാക്കാമെന്നും 57 അംഗ ഇസ്ലാമിക് ബ്ലോക്കിന്റെ വെര്‍ച്വല്‍ യോഗത്തില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലീദ് കാവുസോഗ്ലു ആവശ്യപ്പെട്ടു.പലസ്തീനുവേണ്ടി ഒത്തൊരുമയും ദൃഢനിശ്ചയവും കാണിക്കേണ്ട സമയമാണിതെന്നും ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ തുര്‍ക്കി ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ അതിനെ ധൈര്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തങ്ങള്‍ നീതിക്കും മാനവികതയ്ക്കും വേണ്ടി നിലകൊള്ളും. അവിടെ മറ്റ് പരിഗണനകള്‍ പാടില്ല. ഇത് തങ്ങളുടെ ഒത്തൊരുമയും ദൃഢനിശ്ചയവും കാണിക്കേണ്ട സമയമാണ്. മുസ്‌ലിം സമൂഹം തങ്ങളുടെ നേതൃത്വത്തില്‍ നിന്ന് ഈ ധൈര്യം പ്രതീക്ഷിക്കുന്നു. ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ തുര്‍ക്കി ഒരുക്കമാണ്'-കാവുസോഗ്ലു വ്യക്തമാക്കി. യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേലിന് ഉത്തരവാദിത്തമുണ്ടാകണമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്നും കാവുസോഗ്ലു ഒഐസിയോട് പറഞ്ഞു.

അതേസമയം, ഉപരോധത്തില്‍ കഴിയുന്ന ഗസയില്‍ തുടര്‍ച്ചയായ ഏഴാംദിനവും തുടര്‍ന്ന കനത്ത വ്യോമാക്രമണത്തില്‍ 52 കുട്ടികള്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News