ഇറാന് മുന്നറിയിപ്പുമായി ട്രംപ്; 52 ഇറാനിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തും

'ഉയര്‍ന്ന തലത്തിലുള്ള' 52 ഇറാനിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.

Update: 2020-01-05 01:23 GMT

വാഷിങ്ടണ്‍: വെള്ളിയാഴ്ച ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ അമേരിക്കക്കാരെയോ അമേരിക്കന്‍ താല്‍പര്യങ്ങളേയോ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

'ഉയര്‍ന്ന തലത്തിലുള്ള' 52 ഇറാനിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. സുലൈമാനിയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാത്രി ഇറാഖി തലസ്ഥാനമായ ബഗ്ദാദിലെ ഗ്രീന്‍സോണില്‍ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിയേയും വടക്കന്‍ ഇറാക്കിലെ യുഎസ് സൈനിക താവളത്തേയും ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നിരുന്നു. യുഎസ് എംബസിക്കു സമീപവും വടക്കന്‍ ഇറാഖിലെ ബലാദ് സൈനിക താവളത്തിനു നേരെയുമാണ് ആക്രമണമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.




Tags:    

Similar News