വൈഗൂര്‍: ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി ചൈനയ്ക്ക് മനുഷ്യാവകാശത്തെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ല്.

Update: 2020-06-18 07:22 GMT

വാഷിങ്ടണ്‍: പടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിന്‍ജിയാങില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വൈഗൂര്‍ മുസ്‌ലിംകളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി ചൈനയ്ക്ക് മനുഷ്യാവകാശത്തെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ല്. യുഎസ് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലിനെ എതിര്‍ത്ത് ഒരംഗം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. പത്തുലക്ഷത്തിലധികം വൈഗൂര്‍ മുസ്‌ലിംകളെ ചൈന തുറങ്കിലടച്ചിട്ടുണ്ടെന്നാണ് യുഎന്‍ കണക്ക്.

അതേസമയം, യുഎസ് നിയമം ക്ഷുദ്രകരമായ ആക്രമണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.ചൈനയുടെ താല്‍പര്യങ്ങളെ ഹനിക്കാനും ചൈനീസ് അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുമുള്ള സിന്‍ജിയാങുമായി ബന്ധപ്പെട്ട ഈ നിയമം ഉപയോഗിക്കുന്നത് തിരുത്താനും അവസാനിപ്പിക്കാനും തങ്ങള്‍ യുഎസിനോട് അഭ്യര്‍ഥിക്കുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അല്ലാത്തപക്ഷം, ചൈന എതിര്‍ നടപടികള്‍ സ്വീകരിക്കും, അതില്‍ നിന്ന് ഉണ്ടാകുന്ന എല്ലാ അനന്തരഫലങ്ങള്‍ക്കും അമേരിക്കയായിരിക്കും പൂര്‍ണ ഉത്തരാവാദിയെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News