ഇറാനിയന്‍ സര്‍ക്കാര്‍ വീഴുമെന്നും പക്ഷെ ഉടനെ ഉണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുഎസ്-ഇസ്രായേല്‍ സൈനിക ആക്രമണങ്ങളെത്തുടര്‍ന്ന് ഇറാനിയന്‍ ജനത അവരുടെ സര്‍ക്കാരിനെ മാറ്റിസ്ഥാപിക്കാന്‍ എഴുന്നേല്‍ക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ഇന്ന് സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍ അത് ഉടനടി സംഭവിക്കാനിടയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'സായുധരല്ലാത്ത ജനതക്ക് കയറിവരാന്‍ അതൊരു വലിയ തടസ്സമാണെന്ന് ഞാന്‍ കരുതുന്നു. അതൊരു വലിയ തടസ്സം തന്നേയാണ്.. എന്നാല്‍, അത് സംഭവിക്കും, പക്ഷേ അത് ഒരുപക്ഷേ ഉടനടി അല്ലായിരിക്കാം,'' ട്രംപ് ഫോക്‌സ് ന്യൂസ് റേഡിയോയോട് പറഞ്ഞു.
1,300-ലധികം പേരുടെ മരണത്തിനിടയാക്കിയ യുദ്ധം ആരംഭിച്ചതിനുശേഷം ഇറാനിയന്‍ ഭരണവ്യവസ്ഥയ്ക്കെതിരെ കാര്യമായ പ്രതിഷേധങ്ങളുടെയോ വലിയ കൂറുമാറ്റങ്ങളുടെയോ സൂചനകളൊന്നും ഉണ്ടായിട്ടില്ല. ഇന്ന് ഖുദ്‌സ് ദിനത്തില്‍ ലക്ഷക്കണക്കിന് ഇറാനിയന്‍ ജനതയാണ് ഇസ്രായേലിനും യുഎസിനുമെതിരേ മുദ്രാവാക്യം മുഴക്കി തെരുവില്‍ ഇറങ്ങിയത്. ഇറാന്‍ രാഷ്ട്രതലവന്‍മാരുടെ ജനങ്ങളോടൊപ്പം തെരുവില്‍ ഇറങ്ങി. ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഗോലാം ഹുസൈന്‍ മുഹ്സനി, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഉള്‍പ്പെടെ പ്രമുഖര്‍ ഖുദ്സ് റാലിയില്‍ പങ്കെടുത്തു. ഇസ്രായേല്‍ ആക്രമണ മുന്നറിയിപ്പുണ്ടായിട്ടും തെഹ്റാര്‍ സ്‌ക്വയറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഒത്തുകൂടി.
