ട്രംപ് ഇറാനെതിരേ ആക്രമണം നടത്തുമോ? ആശങ്ക പങ്കുവച്ച് വിദഗ്ധര്‍

ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിലുള്ള ഇറാന്‍ പ്രതികാര നടപടികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബോംബര്‍ വിമാനം പറന്നതെന്നാണ് യുഎസ് അവകാശവാദം.

Update: 2021-01-03 07:34 GMT

വാഷിങ്ടണ്‍: പ്രസിഡന്റ് പദവിയിലെ അവസാന ദിവസങ്ങളില്‍ ഇറാനെതിരേ വീണ്ടു വിചാരമില്ലാതെ സൈനിക നടപടിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍. ഖാസിം സുലൈമാനിയുടെ വധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു തവണയാണ് യുഎസ് ബോംബര്‍ വിമാനമായ ബി 52 ഗള്‍ഫിനു മുകളിലൂടെ പറന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിലുള്ള ഇറാന്‍ പ്രതികാര നടപടികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബോംബര്‍ വിമാനം പറന്നതെന്നാണ് യുഎസ് അവകാശവാദം.

എന്നാല്‍, വൈറ്റ് ഹൗസില്‍ ഒരു മാസത്തില്‍ താഴെ മാത്രം ശേഷിക്കെ, ഇറാനെതിരെ നടപടിയെടുക്കാന്‍ പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷികളായ ഇസ്രായേലും സൗദി അറേബ്യയും ട്രംപിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് ഏരിയ സ്റ്റഡീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡാനി പോസ്റ്റല്‍ പറയുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ട്രംപിനെ മുറിവേറ്റ മൃഗമാക്കി മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് കുറച്ച് ആഴ്ചകള്‍ ബാക്കിയുണ്ട്, അങ്ങേയറ്റം തെറ്റായ നീക്കത്തിന് അദ്ദേഹത്തിന് കഴിവുണ്ടെന്ന് നാം മനസ്സിലാക്കണം-ഇറാനിലെയും യുഎസ് വിദേശനയത്തിലെയും വിദഗ്ദ്ധനായ പോസ്റ്റല്‍ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'അദ്ദേഹത്തിന്റെ ഏറ്റവും തെറ്റായതയും അശ്രദ്ധമായതുമായതുമായ നീക്കം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.'-അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഏജന്റുമാര്‍ അമേരിക്കയെ ആക്രമിച്ച് പ്രകോപനം സൃഷ്ടിക്കുമെന്ന് ഇറാഖില്‍നിന്ന് രഹ്‌സ്യാന്വേഷണ റിപോര്‍ട്ടുകള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ട്വീറ്റ് ചെയ്തിരുന്നു.

Tags:    

Similar News