മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ത്രിപുരയില്‍ മൂന്നു പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Update: 2021-08-07 16:50 GMT

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ശ്യാമപ്രസാദ് മുഖര്‍ജി ലെയ്‌നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന സവാരിക്കിറങ്ങിയ സമയത്ത് മുഖ്യമന്ത്രിക്ക് നേരെ ഒരു കാര്‍ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അക്രമികള്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. അതിവേഗത്തില്‍ വരുന്ന കാര്‍ കണ്ട് മുഖ്യമന്ത്രി ഒരുവശത്തേക്ക് ചാടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച ചെറുപ്പക്കാരെ ഇതിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബിദ്യുത് സൂത്രധര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെ തന്നെ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് പേരെയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കോടതി ഓഗസ്റ്റ് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പോലിസ് ഇവരെ ജയിലില്‍ ചോദ്യം ചെയ്യും.




Tags: