ട്രിപ്പിൾ ലോക്ക്ഡൗൺ: അറിയേണ്ടതെല്ലാം

ഏഴ് ദിവസത്തേക്കാണ് തിരുവനന്തപുരത്തെ നഗരസഭാ പരിധിയില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

Update: 2020-07-06 05:50 GMT

കോഴിക്കോട്: അവശ്യ സേവനങ്ങൾ മാത്രം ലഭ്യമാക്കി മറ്റെല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ടുള്ള കർശന നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക്ഡൗണിൽ നടപ്പാക്കുക. പ്രധാന റോഡുകൾ അടയ്ക്കും. മെഡിക്കൽ ഷോപ്പുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കാനാണ് അനുമതിയുണ്ടാവുക.

കൊവിഡ് രോഗ വ്യാപനം‌ തടയുന്നതിന്റെ ഭാഗമായി‌ ഇന്ന് മുതൽ തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക്ക്ഡൗണിലാണ്. കൊച്ചി നഗരത്തിലും ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകളുയർന്നിരുന്നു. രാജ്യത്ത് ആദ്യഘട്ടത്തിൽ നടപ്പാക്കിയ ലോക്ക്ഡൗണിനേക്കാളും ശക്തമായ നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക്ഡൗണിൽ നടപ്പാക്കുക.

ഏഴ് ദിവസത്തേക്കാണ് തിരുവനന്തപുരത്തെ നഗരസഭാ പരിധിയില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്നു രാവിലെ ആറു മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും. പോലിസ് ആസ്ഥാനം മാത്രമായിരിക്കും പ്രവർത്തിക്കുക. മുഖ്യമന്ത്രി സ്വന്തം വസതിയിലിരുന്നായിരിക്കും ജോലി ചെയ്യുക.

എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?

പോലിസ് ഇടപെടലിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള നിയന്ത്രണമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ആളുകളുടെ പൊതു സമ്പർക്കം കുറച്ചു കൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാനാണ് ട്രിപ്പിൾ ലോക്ക്ഡൗണിലൂടെ ശ്രമിക്കുക. ജില്ലയിലാകെയുള്ള സഞ്ചാരം നിയന്ത്രിക്കുന്നതടക്കമുള്ള പൊതുവായുള്ള നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക്ഡൗണിലെ ആദ്യ ലോക്ക്. കണ്ടെയ്ൻമെന്റ് സോണുകൾ കണ്ടെത്തി ആ പ്രദേശങ്ങളിൽ പ്രത്യേകം നടപ്പാക്കുന്ന നിയന്ത്രണങ്ങളാണ് രണ്ടാമത്തെ ലോക്ക്. രോഗവ്യാപനം കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കി കണക്കാക്കി നിയന്ത്രണങ്ങൾ നടപ്പാക്കും.

കുറച്ചുകൂടി സൂക്ഷ്മമായിട്ടുള്ള നിയന്ത്രണങ്ങളാണ് മൂന്നാമത്തെ ലോക്ക്. കൊവിഡ് പോസിറ്റീവായ വ്യക്തികളുടെ പ്രൈമറി സെകൻഡറി കോണ്ടാക്ടുകളെ നിരീക്ഷിക്കും. അവർ വഴിയുള്ള രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ ഇതിന്റെ ഭാ​ഗമായി നടപ്പാക്കും. കൊവിഡ് ബാധിച്ചവർ വീട്ടിൽ തന്നെ കഴിയുമെന്ന് ഉറപ്പാക്കും. ഇതിനായി പോലിസ് നിരീക്ഷണം ശക്തമാക്കും. വാഹനങ്ങളിൽ പട്രോളിങ്ങ് നടത്തിയും ഗാർഡുകളെ നിയമിച്ചും ഡ്രോണുകളുപയോഗിച്ചുമാണ് കൊവിഡ് ബാധിതരുടെ വീടുകൾക്ക് സമീപം നിരീക്ഷണമുണ്ടാവുക. മൂന്നു തലങ്ങളിലായാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരിക.

ആദ്യത്തേത് രാജ്യത്തോ സംസ്ഥാനത്തോ ഇതിനകം നിലവിലുള്ള സാധാരണ ലോക്ക്ഡൗൺ. രണ്ടാമത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ ജില്ല, നഗരസഭ, തദ്ദേശ സ്ഥാപനം എന്നിങ്ങനെയുള്ള ഔദ്യോഗിക പരിധികൾക്കുള്ളിലെ പ്രദേശങ്ങളിൽ ആകെ നടപ്പാക്കുന്ന അധിക നിയന്ത്രണങ്ങൾ. മൂന്നാമത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ രോഗബാധ രൂക്ഷമായി കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേകമായി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ.

പൂർണ ലോക്ക് ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ അടച്ചിടും. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളിൽ പോലിസ് നിരീക്ഷണം ശക്തമാക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ അനുവദിക്കില്ല.

ഒരു എൻട്രി പോയിന്റും ഒരു എക്സിറ്റ് പോയിന്റും മാത്രം അനുവദിച്ച് പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കുന്നതിനു അനുമതിയുണ്ടെങ്കിലും സമയപരിധി കുറയ്ക്കും. കടകളിൽ പോകാൻ ആളുകളെ അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വേണ്ടവർ പോലിസിനെ അറിയിച്ചാൽ അവ വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കും. കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കും. പൊതുഗതാഗതം പൂർണമായും വിലക്കും.

Tags:    

Similar News