'പൗരത്വ രജിസ്റ്റര്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രം'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് മഹുവ മോയിത്ര

'ജനങ്ങള്‍ നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചത് വികസനത്തിനുവേണ്ടിയാണെന്നു മറക്കരുത്. കുടില തന്ത്രങ്ങളില്‍നിന്നു രൂപപ്പെടുത്തിയ നിയമങ്ങളും വിദ്വേഷ പ്രസംഗങ്ങളുമാണ് ഭരണകക്ഷിയിലെ ഓരോ അംഗങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്'. മഹുവ മോയിത്ര പറഞ്ഞു.

Update: 2020-02-05 06:38 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും എന്‍പിആറും ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രങ്ങളാണെന്ന് അവര്‍ തുറന്നടിച്ചു. ഇഷ്ടമില്ലാത്തവരെ ഒറ്റപ്പെടുത്താനും ചാപ്പകുത്തി മാറ്റിനിര്‍ത്താനും ഒടുവില്‍ അവരെ ഇല്ലാതാക്കാനുമുള്ള ഹീനമായ തന്ത്രമാണിത്. ഇതിന് ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വിചാരിക്കരുതെന്നും മോയിത്ര പറഞ്ഞു. നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് പൗരത്വഭേദഗതി നിയമത്തെയും അതിനെതിരായ പ്രക്ഷോഭങ്ങളെ കൈകാര്യംചെയ്യുന്ന രീതിയെയും അവര്‍ നിശിതമായി വിമര്‍ശിച്ചത്.

Full View


'മര്യാദ കെട്ട സര്‍ക്കാറാണിത്, നിങ്ങള്‍ക്കു വിലയേറിയ വോട്ട് തന്നു വിജയിപ്പിച്ച ഓരോ വ്യക്തിയേയും നിങ്ങള്‍ വഞ്ചിച്ചിരിക്കുന്നു. വോട്ട് തന്നവരോട് നിങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത് പൗരത്വം തെളിയിക്കാനുള്ള രേഖയാണ്. ഇതില്‍പ്പരം ഒരു ചതിയും സ്വതന്ത്ര ഇന്ത്യ കണ്ടിട്ടേയില്ല. 'ദേശീയ പൗരത്വ നിയമവും പൗരത്വ റജിസ്റ്ററും ജനസംഖ്യാ കണക്കെടുപ്പും ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രങ്ങളാണ്. ഇഷ്ടമില്ലാത്തവരെ ഒറ്റപ്പെടുത്താനും ചാപ്പകുത്തി മാറ്റിനിര്‍ത്താനും ഒടുവില്‍ അവരെ ഇല്ലാതാക്കാനുമുള്ള ഹീനമായ തന്ത്രം. ഇതിന് ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വിചാരിക്കരുത്. തങ്ങള്‍ നേടിയ 'ചരിത്രപരമായ ജനവിധി'ക്ക് വോട്ടുചെയ്ത 67 ശതമാനത്തില്‍ 37 ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂ എന്ന് ബിജെപി ഓര്‍ക്കുന്നത് നന്ന്'.

ജനങ്ങള്‍ നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചത് വികസനത്തിനുവേണ്ടിയാണെന്നു മറക്കരുത്. കുടില തന്ത്രങ്ങളില്‍നിന്നു രൂപപ്പെടുത്തിയ നിയമങ്ങളും വിദ്വേഷ പ്രസംഗങ്ങളുമാണ് ഭരണകക്ഷിയിലെ ഓരോ അംഗങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി ഇപ്പോള്‍ നടപ്പാക്കുന്ന ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിലൂടെ ഞങ്ങളുടെ പിതാക്കളെ ഭീകരവാദികളും ഞങ്ങളുടെ മക്കളെ ദേശദ്രോഹികളുമാക്കുന്ന നാസി ഭരണകൂടത്തിന്റെ അതേ ആഖ്യാനമാണ് ബി.ജെ.പി നിര്‍മിച്ചെടുക്കുന്നത്. ' മഹുവ മോയിത്ര കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News