ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താനില്‍ കൂറ്റന്‍ റാലി

ഇംറാന്‍ ഖാന്‍ 48 മണിക്കൂറിനുള്ളില്‍ അധികാരം ഒഴിയണമെന്ന് ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം നേതാവ് മൗലാനാ ഫസലുര്‍ റഹ്്മാന്‍ പറഞ്ഞു

Update: 2019-11-02 02:58 GMT

ഇസ് ലാമാബാദ്: പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താനില്‍ കൂറ്റന്‍ റാലി. ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം നേതാവ് മൗലാനാ ഫസലുര്‍ റഹ്്മാന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘടനകള്‍ സംഘടിപ്പിച്ച ആസാദി മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഞായറാഴ്ച കറാച്ചിയില്‍ നിന്നാരംഭിച്ച റാലി വെള്ളിയാഴ്ചയാണ് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സമാപിച്ചത്. ഞായറാഴ്ച കറാച്ചിയില്‍ നിന്ന് തുടങ്ങിയ റാലി ബുധനാഴ്ച ലാഹോറിലെത്തി വ്യാഴാഴ്ച രാത്രിയോടെയാണ് ഇസ്‌ലാമാബാദിലെത്തിയത്. ഇംറാന്‍ ഖാന്‍ 48 മണിക്കൂറിനുള്ളില്‍ അധികാരം ഒഴിയണമെന്ന് ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം നേതാവ് മൗലാനാ ഫസലുര്‍ റഹ്്മാന്‍ പറഞ്ഞു. രാജിസമര്‍പ്പിക്കാന്‍ അദ്ദേഹത്തിനു രണ്ട് ദിവസം നല്‍കുകയാണ്. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും റാലി സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ഈ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ ശക്തി തെളിയിച്ച് അറസ്റ്റ് വരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാവിലെ സുരക്ഷാസേന നഗരത്തിലേക്കുള്ള പ്രധാന കവാടത്തില്‍ കണ്ടയ്‌നറുകളും മറ്റും ഉപയോഗിച്ച് പ്രക്ഷോഭകരെ തടയുകയായിരുന്നു. 20000ത്തിലേറെ പേര്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയില്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു.

  


    പ്രധാനമന്ത്രി ഇംറാന്‍ ഖാന്റേത് പാവ സര്‍ക്കാരാണെന്നും അധികാരമൊഴിയാന്‍ സമയമായെന്നുമുള്ള സന്ദേശം നല്‍കാനാണ് മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴില്‍ അണിനിരന്നതെന്ന് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പറഞ്ഞു. അധികാരത്തിന്റെ കേന്ദ്രം സര്‍ക്കാല്ല, ജനങ്ങളാണ്. പ്രധാനമന്ത്രിക്കു മുന്നില്‍ തല കുനിക്കാന്‍ രാജ്യം തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായുള്ള സര്‍ക്കാരില്‍ നിന്ന് രക്ഷപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പാകിസ്താന്‍ മുസ് ലിം ലീഗ്(നവാസ്)പാര്‍ട്ടി നേതാവ് ഷെഹ്ബാസ് ഷെരീഫ് പ്രറഞ്ഞു. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുശേഷം 220 ദശലക്ഷം പാകിസ്താനികള്‍ വിലപിക്കുകയാണെന്നും ഇംറാന്‍ ഖാന് നിലവിളിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതുമെല്ലാം പ്രക്ഷോഭത്തിനു കാരണമായിട്ടുണ്ട്.



Tags:    

Similar News