വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നതെന്ന് സോണിയാ ഗാന്ധി

ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഇത് ആശങ്കയുളവാക്കുന്നതാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

Update: 2019-04-06 15:01 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ദേശസ്‌നേഹത്തിന് മോദി ഭരണകൂടം പുതിയ നിര്‍വചനം സൃഷ്ടിച്ചെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്‌നേഹികള്‍ എന്ന് വിളിക്കുന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ തല്‍കോത്ര സ്‌റ്റേഡിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭിന്നാഭിപ്രായങ്ങളെ ബഹുമാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്കെതിരേ ആക്രമണമുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ ഓടിയൊളിക്കുകയാണ്. ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഇത് ആശങ്കയുളവാക്കുന്നതാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ബിജെപി രാജ്യത്തെ നിയമസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു നിഷ്പക്ഷ സര്‍ക്കാരാണ് രാജ്യത്തിന് വേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും സോണിയ ആഹ്വാനം ചെയ്തു.കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ സംശയം വേണ്ടെന്നും സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ സംവിധാനം കൊണ്ടു വരുമെന്നും സോണിയ ഉറപ്പു നല്‍കി.

Tags: