നേതാക്കള്‍ക്കെതിരേ പീഡന പരാതി നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകയെ സസ്‌പെന്റ് ചെയ്ത് സിപിഎം

Update: 2021-11-28 09:34 GMT

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ പീഡന പരാതി നല്‍കിയ വനിതാ പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. അതേസമയം, വനിതാ പ്രവര്‍ത്തകയ്‌ക്കെതിരേ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്നാണ് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയുടെ വിശദീകരണം. വനിതാ പ്രവര്‍ത്തകയ്‌ക്കെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് നടപടി സ്വീകരിച്ചത്. പീഡനം സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

പീഡന പരാതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വവുമായി ആലോചിച്ച് അവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക പീഡനത്തിന് ശേഷം നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയിലാണ് സിപിഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന്‍, ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവരടക്കം 12 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നത്. നഗ്‌നചിത്രം പ്രചരിപ്പിച്ചതിനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ മനു, തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കേസെടുത്തത്.

ഈ വര്‍ഷം മെയ് മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. സിപിഎം പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയാണ് നേതാക്കളുടെ ആക്രമണത്തിനിരയായത്. കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു.

തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. പീഡനം, നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് സജിക്കും നാസറിനുമെതിരേ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാക്കള്‍ക്കെതിരേ തുടക്കത്തില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്.

Tags:    

Similar News