അവനെ വെടിവെച്ച് കൊന്നു, ഇപ്പോൾ അവനെ അവർ കലാപകാരിയാക്കി ചിത്രീകരിക്കുന്നു

ഞങ്ങൾ അറിയാത്ത അല്ലെങ്കിൽ കാണാത്ത ഒരു സന്ദർഭത്തിലാണ് ഇത് നടന്നതെങ്കിൽ ഞങ്ങൾ ചിലപ്പോൾ അത് വിശ്വസിച്ചു പോകുമായിരുന്നു. ഇത് പക്ഷേ ഞങ്ങളുടെ കൺമുമ്പിലാണ് അവൻ മരണപ്പെട്ടത്. പോലിസുകാർ അവനെ വെടിവച്ചു കൊല്ലുന്നത് ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ്

Update: 2019-12-27 09:21 GMT

ലഖ്നോ: ആയിരക്കണക്കിന് തൊഴിലാളിവർഗ്ഗ മുസ്‌ലിം കുടുംബങ്ങൾ താമസിച്ചിരുന്ന ഉത്തർപ്രദേശിലെ പ്രദേശമാണ് ലിസാരി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തിനിടയിൽ നാൽപത്തഞ്ചുകാരനായ സഹീർ അഹമ്മദ് പോലിസ് വെടിവയ്പിൽ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. അനന്തരവന്‍റെ കല്ല്യാണത്തലേന്നായിരുന്നു സഹീർ കൊല്ലപ്പെട്ടത്.

എന്നാല്‍, അന്ന് സംഭവിച്ചത് മറ്റൊന്നാണ്. സഹീറിന്റെ ഭാര്യയും മകൾ ഷഹാനയും സഹീറിനെ കാത്ത് കല്ല്യാണ വീട്ടിൽ ഇരിക്കുകയായിരുന്നു. സഹീർ ശനിയാഴ്‍ച വരാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നാൽ, വെള്ളിയാഴ്‍ച വൈകുന്നേരം, അവരുടെ വീട്ടിൽ നിന്ന് കുറച്ചകലെയായി നടന്ന ഒരു വെടിവയ്പ്പിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

സഹീർ അഹമ്മദിന് ബീഡി വലിക്കുന്ന ശീലം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ബണ്ടിൽ ബീഡി വാങ്ങാനായി വൈകുന്നേരം നാല് മണിയോടെ പുറത്തിറങ്ങിയതായിരുന്നു. "പ്രദേശത്ത് കുഴപ്പമുണ്ടായതിനാൽ പുറത്തിറങ്ങരുതെന്ന് ഞാൻ ജ്യേഷ്‍ഠനോട് പറഞ്ഞതാണ്. പക്ഷേ, പെട്ടെന്ന് വരാം എന്നു പറഞ്ഞു ജ്യേഷ്‍ഠൻ ഇറങ്ങിപ്പോയി" സഹോദരി നസ്‍മ പറഞ്ഞു.

കടയിൽ നിന്ന് ബീഡി വാങ്ങി സഹീർ അഹമ്മദ് അത് കത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ വെടിയുണ്ടകൾ പൊട്ടിച്ചിതറിയത്. അതിലൊന്ന് സഹീറിന്‍റെ നെഞ്ചിലേക്ക് തുളച്ചുകയറി. "വെടിയുടെ ഒച്ച കേട്ട് ഞാൻ നോക്കിയപ്പോൾ സഹീർ താഴെ വീഴുന്നതാണ് കണ്ടത്. ഞാൻ അവനെ എടുക്കാനായി ഓടി, പക്ഷേ അപ്പോഴേക്കും എന്‍റെ കണ്ണു പുകഞ്ഞു നീറാൻ തുടങ്ങി" അങ്ങാടിയിലെ വളക്കച്ചവടക്കാരനായ നസീം അഹമ്മദ് പറഞ്ഞു. മുന്നറിയിപ്പില്ലാതെ വെടിയുതിർത്ത പോലിസ് അതേസമയം തന്നെ കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ മുതൽ ലിസാരി പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ലിസാരി റോഡിനടുത്ത് ആയിരത്തോളം പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തോട്, നിരോധന ഉത്തരവുകൾ നിലവിലുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ പിരിഞ്ഞുപോയില്ല. ജനക്കൂട്ടം ഒരു പ്രകോപനവും കൂടാതെ പോലിസിന് നേരെ വിറകും കല്ലും ഉപയോഗിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നു. മൂന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പോലിസിന് കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടി വന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രശാന്ത് കപിൽ ഉൾപ്പെടെ നിരവധി പോലിസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പോലിസ് വിശദീകരിക്കുന്നത്.

സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ പോലിസ് എഫ് ഐ ആർ തയ്യാറാക്കി. പ്രതികളുടെ പട്ടികയിൽ അവർ കൊന്ന നിരപരാധിയായ സഹീറിന്‍റെ പേരും ഉൾപ്പെട്ടിരുന്നു. സഹീറിന്‍റെ കുടുംബവും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കളും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, അവർ നൽകിയ വിവരങ്ങളെല്ലാം പോലിസ് ഉദ്യോഗസ്ഥൻ പരിഹസിച്ചു തള്ളുകയായിരുന്നു. ഇതുപോലുള്ള ഒരു ദിവസത്തിൽ ഏതെങ്കിലും കട തുറക്കുമോ എന്ന് ഉദ്യോഗസ്ഥൻ പരിഹാസത്തോടെ ചോദിക്കുകയും ചെയ്‍തു.

സഹീറിന്‍റെ വേർപാട് കല്യാണ വീടിനെ ഒരു മരണവീടാക്കി മാറ്റി. സഹീറിന്‍റെ ഭാര്യയും, ഒന്നുമറിയാത്ത മകളും, പിതാവും അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ ആഘാതത്തിൽനിന്ന് മോചനം നേടിയിരുന്നില്ല. അപ്പോഴാണ് അദ്ദേഹത്തെ കലാപകാരിയായി പ്രഖ്യാപിക്കുന്ന പോലിസിന്‍റെ ക്രൂര നടപടി ഉണ്ടായത്. "അവർ ആദ്യം അവനെ കൊന്നു, ഇപ്പോൾ അവനെ കലാപകാരിയായി പ്രഖ്യാപിക്കുകയാണെന്ന് ഒരു ബന്ധു പറയുന്നു.

"ഞങ്ങൾ അറിയാത്ത അല്ലെങ്കിൽ കാണാത്ത ഒരു സന്ദർഭത്തിലാണ് ഇത് നടന്നതെങ്കിൽ ഞങ്ങൾ ചിലപ്പോൾ അത് വിശ്വസിച്ചു പോകുമായിരുന്നു. ഇത് പക്ഷേ ഞങ്ങളുടെ കൺമുമ്പിലാണ് അവൻ മരണപ്പെട്ടത്. പോലിസുകാർ അവനെ വെടിവച്ചു കൊല്ലുന്നത് ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ്. അവനെ ഒരു കലാപകാരിയായി മുദ്ര കുത്താൻ ഞങ്ങൾ അനുവദിക്കില്ല" നസീം മുഹമ്മദ് പറയുന്നു.

പോലിസിന്‍റെ വെടിവയ്പ്പിൽ സഹീറിനെ കൂടാതെ മറ്റ് നാലുപേർ കൂടി മരണപ്പെട്ടിട്ടുണ്ട്. 32 കാരനായ ടയർ മെക്കാനിക്ക് ആസിഫ് അതിലൊരാളാണ്. മുതുകിൽ വെടിയേറ്റതിനെ തുടർന്ന് മരിച്ച അദ്ദേഹത്തെയും കലാപകാരിയായി പോലിസ് എഫ്‌ഐ‌ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ വെടിയുതിർത്താണ് ആസിഫ് മരിച്ചതെന്ന പൊലീസിന്‍റെ വാദം അദ്ദേഹത്തിന്‍റെ അമ്മായിഅമ്മ ഷമീൻ തള്ളിക്കളഞ്ഞു.

ആസിഫിന്‍റെ ഏഴുമാസം ഗർഭിണിയായ ഭാര്യ ഇമ്രാന അതിനുശേഷം ആരോടും സംസാരിച്ചിട്ടില്ല. അവർ ഒരു ചെറിയ മുറിക്കുള്ളിൽ കതകടച്ചിരിക്കുകയാണ്. ഊണും ഉറക്കവുമില്ലാതെ ഒരു പ്രതികരണവുമില്ലാതെ അവൾ ആ മുറിയിൽ രാവും പകലും തള്ളിനീക്കുന്നു. ഭീതിയുടെ നിഴലിലാണ് ആ പ്രദേശം ഇപ്പോൾ. സ്ത്രീകളും കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ആധിയിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ്. ജനങ്ങളെ രക്ഷിക്കേണ്ട നിയമം തന്നെ അവരെ ശിക്ഷിക്കുമോ എന്നും അവർ ഭയപ്പെടുന്നു. 

Tags:    

Similar News