വിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ

ആവശ്യങ്ങള്‍ നടപ്പായെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.

Update: 2022-08-19 17:24 GMT

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന സമരം തുടരും. പ്രശ്നങ്ങൾ പരിഹരിക്കാന്‍ മൽസ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ഒരാഴ്ചയ്ക്കകം ചര്‍ച്ച നടത്താൻ ധാരണയായിട്ടുണ്ട്. ഫിഷറീസ് മന്ത്രിയുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ആവശ്യങ്ങള്‍ നടപ്പായെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. മൽസ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒമ്പതംഗ സംഘമാണ് ചര്‍ച്ചയ്ക്കെത്തിയത്.

ഫിഷറീസ് മന്ത്രി നടത്തിയ ചര്‍ച്ച പോസിറ്റീവാണെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി. തങ്ങൾ ചൂണ്ടിക്കാട്ടിയ ഏഴിൽ അഞ്ച് ആവശ്യങ്ങളിൽ ധാരണയായിട്ടുണ്ട്.

ക്യാംപുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുന്‍പ് ഇത് സാധ്യമാകുമെന്നാണ് അറിയിച്ചത്. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കുമെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.

Similar News