അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേല്‍ സൈനികനെ വെടിവച്ച് കൊന്നു

വാഹനത്തിലെത്തിയ രണ്ടംഗ സംഘം ചൊവ്വാഴ്ച ഷവേയ് ഷോംറോണ്‍ കമ്മ്യൂണിറ്റിയോട് ചേര്‍ന്നുള്ള സ്ഥലത്ത് നടത്തിയ വെടിവയ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു

Update: 2022-10-12 04:03 GMT

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രത്തിന് സമീപം ഒരു ഇസ്രായേല്‍ സൈനികനെ ഫലസ്തീന്‍ പോരാളികള്‍വെടിവച്ച് കൊന്നു. അധിനിവേശ സൈന്യത്തിനെതിരേ ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

വാഹനത്തിലെത്തിയ രണ്ടംഗ സംഘം ചൊവ്വാഴ്ച ഷവേയ് ഷോംറോണ്‍ കമ്മ്യൂണിറ്റിയോട് ചേര്‍ന്നുള്ള സ്ഥലത്ത് നടത്തിയ വെടിവയ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണെന്നും സൈന്യം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇസ്രായേല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിക്കുകയും വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

അതേസമയം, അടുത്തിടെ ഉയര്‍ന്നുവന്ന ഫലസ്തീന്‍ പോരാട്ട സംഘമായ ലയണ്‍സ് ഡെന്‍ ഇസ്രായേലി സെറ്റില്‍മെന്റിലെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 'നബ്ലസിന്റെ പടിഞ്ഞാറുള്ള ദേര്‍ ഷറഫ് പ്രദേശത്ത് അധിനിവേശ ഇസ്രായേല്‍ സൈനികരെ ലക്ഷ്യമിട്ട് രണ്ടാമത്തെ വെടിവയ്പ്പ് ഓപ്പറേഷന്‍ നടത്തുമെന്ന് സംഘം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ അക്രമാസക്തമായ കടന്നുകയറ്റത്തിന് വേദിയായ ഫലസ്തീന്‍ പട്ടണങ്ങളായ നബ്ലസിനും ജെനിനും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

Tags:    

Similar News