സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ കേന്ദ്രം 2.68 ലക്ഷം കോടി രൂപ കടമെടുക്കും

ഇക്കൊല്ലം ഏപ്രിൽ–-ആഗസ്‌ത് കാലയളവിൽ ധനക്കമ്മി ബജറ്റ്‌ അടങ്കലിന്റെ 79 ശതമാനമായി ഉയർന്നിരിക്കെയാണ് ഈ പുതിയ തീരുമാനം.

Update: 2019-10-02 02:16 GMT

ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ കേന്ദ്രസർക്കാർ 2.68 ലക്ഷം കോടി രൂപ കടമെടുക്കും. നടപ്പ്‌ സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിലാണ് ഈ നടപടിയുണ്ടാവുക. ഇക്കൊല്ലം ഏപ്രിൽ–-ആഗസ്‌ത് കാലയളവിൽ ധനക്കമ്മി ബജറ്റ്‌ അടങ്കലിന്റെ 79 ശതമാനമായി ഉയർന്നിരിക്കെയാണ് ഈ പുതിയ തീരുമാനം.

ധനക്കമ്മി മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 3.3 ശതമാനമായി പരിമിതപ്പെടുത്തുമെന്നാണ്‌ പ്രഖ്യാപനം. പതിനാറായിരം കോടി രൂപ വീതം 17 പ്രതിവാര ലേലങ്ങളും 14,000 കോടി രൂപ വീതം 15 പ്രതിവാര ലേലങ്ങളും വഴി കടമെടുപ്പ്‌ നടത്തുമെന്ന്‌ സാമ്പത്തികകാര്യ സെക്രട്ടറി അതനു ചക്രവർത്തി പറഞ്ഞു. മൊത്തം കടമെടുപ്പിന്റെ 6.72 ശതമാനം ഒന്നു മുതൽ നാല്‌ വർഷം വരെ കാലാവധിയുള്ള ബോണ്ടുകളായിരിക്കും.

17.91 ശതമാനം 5–-9 വർഷം കാലാവധിയുള്ളതും 40.67 ശതമാനം 10–-14 വർഷം കാലാവധിയുള്ളതും 9.33 ശതമാനം 15–-24 വർഷം കാലാവധിയുള്ളതും 25.37 ശതമാനം 25 വർഷത്തിൽ കൂടുതൽ കാലാവധിയുള്ളതുമായ ബോണ്ടുകളായിരിക്കും. കുറഞ്ഞ കാലാവധി ഒരു വർഷവും പരമാവധി കാലാവധി 40 വർഷവുമായിരിക്കും. നടപ്പുവർഷത്തിന്റെ മൂന്നാം പാദത്തിൽ ട്രഷറിബില്ലുകൾ വഴി 20,000 കോടി രൂപ സമാഹരിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. 

അതേസമയം ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായ റിപോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ പുതിയ തീരുമാനങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള രാജ്യത്തെ ആദായ നികുതി നിയമം പരിഷ്‌കരിക്കുന്നതിന് രൂപവല്‍ക്കരിച്ച ഡയറക്ട് ടാക്‌സ് കോഡ് ടാസ്‌ക് ഫോഴ്‌സ് ആഗസ്ത് 19ന് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.  

Tags:    

Similar News