കെ ബാബു ജയിച്ചത് തങ്ങളുടെ വോട്ടുകൾ കൊണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ വോട്ടു കച്ചവടം നടന്നതായ ആരോപണം നിലനിൽക്കുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി രാധാകൃഷ്ണൻ രം​ഗത്തെത്തിയിരിക്കുന്നത്.

Update: 2021-05-03 13:50 GMT

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് പോയെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണൻ. കഴിഞ്ഞതവണ ഇവിടെ ബിജെപി നേടിയ വോട്ടുകളിൽ ഇക്കുറി കാര്യമായ കുറവുണ്ടായി. ഈ വോട്ടുകൾ ബാബുവിന് ലഭിച്ചു. ഇത് എങ്ങനെ യുഡിഎഫിനു പോയി എന്നതിന് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ വോട്ടു കച്ചവടം നടന്നതായ ആരോപണം നിലനിൽക്കുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി രാധാകൃഷ്ണൻ രം​ഗത്തെത്തിയിരിക്കുന്നത്. ഇഞ്ചോടിഞ്ച് മൽസരം നടന്ന തൃപ്പൂണിത്തുറയിൽ ആയിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെതന്നെ വോട്ടുകച്ചവടം നടന്നതായ ആരോപണം ഉയർന്ന് വന്നിരുന്നു. എന്നാൽ ഇടത് പാളയത്തിൽ നിന്നുളള ആക്ഷേപം മാത്രമായാണ് പലരും വിലയിരുത്തിയത്.

സംസ്ഥാനത്ത് വോട്ടു കച്ചവടം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു. കുണ്ടറയിലും പെരുമ്പാവൂരിലും വോട്ട് കച്ചവടം നടന്നു. തൃപ്പൂണിത്തുറയിൽ 900 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ജയിച്ചത്. ഇവിടെ 6037 വോട്ടിന്റെ കുറവ് ബിജെപിയിൽ നിന്നുണ്ടായി. വോട്ടുകച്ചവടം കാരണമാണ് ചിലയിടത്ത് എൽ‌ഡിഎഫ് തോ‌റ്റത്. ചാലക്കുടി, കോവളം, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചതിന് കാരണം ബിജെപിയുമായുള‌ള വോട്ടു കച്ചവടമാണ്. വാമനപുരത്ത് 8000ലധികം വോട്ടുകളാണ് ബിജെപിക്ക് മറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടു കച്ചവടം നടന്നില്ലായിരുന്നെങ്കിൽ യുഡിഎഫിന്റെ പതനം കൂടിയേനെ. കൗണ്ടിങ്ങിന് മുമ്പ് വരെ തങ്ങളിവിടെ ജയിക്കും എന്ന വലിയ ആത്മവിശ്വാസം കാണിക്കുന്ന യുഡിഎഫിനെയാണ് കണ്ടത്. ഈ ആത്മവിശ്വാസം ചില കച്ചവട താൽപര്യം കൊണ്ടാണ് അവർക്കുണ്ടായത്. ബിജെപി വോട്ടുകൾ നല്ലരീതിയിൽ ഈ കച്ചവടത്തിലൂടെ യുഡിഎഫിന് വാങ്ങാനായെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Similar News