യുഎഇയിലെ പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാനത്താവള അധികൃതര്‍. മഴയും ട്രാഫിക്കും മൂലം വിമാനയാത്രകളില്‍ തടസം നേരിടാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് നേരത്തെ എത്തിച്ചേരാന്‍ ശ്രമിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. റോഡിലെ തിരക്ക് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍, തത്സമയ ട്രാഫിക് അപ്ഡേറ്റുകള്‍ക്കും ഇതര റൂട്ടുകള്‍ക്കുമായി സ്മാര്‍ട്ട് ആപ്പുകള്‍ ഉപയോഗിക്കണമെന്നും ശുപാര്‍ശ.
മെയ് 2 ന് ദുബായില്‍ പ്രവചിച്ചിരിക്കുന്ന പ്രതികൂല കാലാവസ്ഥ കാരണം, യാത്രക്കാര്‍ മാനേജ് ബുക്കിംഗ് ടാബ് വഴി അവരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും അവരുടെ ഫ്‌ലൈറ്റ് സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി എയര്‍ലൈനിന്റെ വെബ്സൈറ്റിലെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഫ്‌ളൈ ദുബായ് വക്താവ് പറഞ്ഞു. വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി അവരുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ എമിറേറ്റ്സ് യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.
